വനിതാ തടവുകാരുടെ ജയില്‍ചാട്ടം: രക്ഷപ്പെടാന്‍ സഹായിച്ചതിന് സന്ധ്യയുടെ കാമുകന്‍ പിടിയില്‍
ജയില്‍ചാടി ഓട്ടോ റിക്ഷയില്‍ എസ്എടി ആശുപത്രി വളപ്പിലെത്തിയ സന്ധ്യയേയും ശില്‍പ്പയേയും ബൈക്കില്‍ വര്‍ക്കലയിലെത്തിച്ച മൊട്ട ബിജുവാണ് ഫോര്‍ട്ട് പോലിസിന്റെ പിടിയിലായത്.
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് തടവ് ചാടിയ വര്‍ക്കല തച്ചോട് സജിവിലാസത്തില്‍ സന്ധ്യ(26), പാങ്ങോട് വെള്ളയം പുത്തന്‍വീട്ടില്‍ ശില്‍പ്പാമോള്‍(23) എന്നിവരെ രക്ഷപ്പെടാന്‍ സഹായിച്ച സന്ധ്യയുടെ കാമുകന്‍ അറസ്റ്റില്‍. ജയില്‍ചാടി ഓട്ടോ റിക്ഷയില്‍ എസ്എടി ആശുപത്രി വളപ്പിലെത്തിയ സന്ധ്യയേയും ശില്‍പ്പയേയും ബൈക്കില്‍ വര്‍ക്കലയിലെത്തിച്ച മൊട്ട ബിജുവാണ് ഫോര്‍ട്ട് പോലിസിന്റെ പിടിയിലായത്. ഇയാളാണ് ഇരുവരെയും രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് സന്ധ്യയും ശില്‍പ്പയും ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. നിരവധി മോഷണക്കേസുകളിലും കവര്‍ച്ചാ കേസുകളിലും പ്രതിയായ മൊട്ട ബിജുവിനെയാണ് ജയില്‍ ചാടിയശേഷം സന്ധ്യ ബന്ധപ്പെട്ടത്.
സന്ധ്യയുടെ ആവശ്യപ്രകാരം എസ്എടിയിലെത്തിയ ബിജുവാണ് ഇവരെ വര്‍ക്കലയിലെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചത്. ചെലവിനായി 500 രൂപയും നല്‍കി. ജയില്‍ ചാടി രക്ഷപ്പെടാന്‍ സന്ധ്യയേയും ശില്‍പ്പയേയും സഹായിച്ച ആതിരയെന്ന മറ്റൊരു തടവുകാരിക്കെതിരേയും കേസെടുത്തു. മകളെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആതിരയേയും പോലിസ് വിശദമായി ചോദ്യം ചെയ്യും. ജയിലില്‍ നിന്ന് രക്ഷപ്പെട്ട കേസില്‍ റിമാന്‍ഡിലായ സന്ധ്യയേയും ശില്‍പ്പയേയും പാരിപ്പള്ളിയില്‍ നിന്ന് സ്‌കൂട്ടര്‍ തട്ടിയെടുത്ത കേസില്‍ പാരിപ്പള്ളി പോലിസ് വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങും. ബിജുവിനെ ഫോര്‍ട്ട് പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
