ശബരിമല: റോഡ് അറ്റകുറ്റപ്പണിക്കായി കര്‍മപദ്ധതി തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ്

Update: 2022-09-25 14:14 GMT

പത്തനംതിട്ട: ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തു.

തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 19 റോഡുകളുടെ സ്ഥിതി വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കുകയും ചെയ്തതതായി മന്ത്രി അറിയിച്ചു. ഒക്ടോബര്‍ 19, 20 തീയതികളില്‍ പൊതുമരാമത്ത് മന്ത്രി റോഡുകളിലൂടെ വാഹനത്തില്‍ സഞ്ചരിച്ച് നിര്‍മ്മാണ പുരോഗതി നേരിട്ട് വിലയിരുത്തും. അതിന് മുന്നോടിയായി ഒക്ടോബര്‍ അഞ്ചിന് ചീഫ് എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തി റിപോര്‍ട്ട് നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

റോഡുകളുടെ അവസ്ഥ തൃപ്തികരമല്ല എങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും എന്ന് താക്കീത് നല്‍കിയതായും മന്ത്രി പറഞ്ഞു. സാങ്കേതികത്വത്തിന്റെ പേരില്‍ റോഡ് നിര്‍മാണം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല എന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ നീക്കിയതിനാല്‍ ഇത്തവണ മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയില്‍ വലിയ തീര്‍ത്ഥാടക പ്രവാഹം പ്രതീക്ഷിക്കുന്നുവെന്നും സീസണിന് ഏറെ മുമ്പ് ഇത്തരം ഒരു യോഗം ചേര്‍ന്നത് ഗുണകരമാകുമെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജ് പറഞ്ഞു.

Tags: