ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം നല്‍കാത്തതിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റപത്രം നല്‍കാത്തതിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതികള്‍ക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി വിഷയം ഗുരുതരമാമെന്നും കുറ്റപത്രം നല്‍കിയാല്‍ പ്രതികള്‍ സ്വാഭാവിക ജാമ്യത്തില്‍ പോകുന്നത് തടയാനാകുമെന്നും പറഞ്ഞു. കേസില്‍ പ്രതി ചേര്‍ത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ ഹരജിയിലെ വാദത്തിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിയ്ക്ക് വീഴ്ചയെന്ന റിപോര്‍ട്ട് പുറത്തുവന്നിരുന്നു. സ്വര്‍ണം ചെമ്പാക്കിയ മിനുട്ട്സിന്റെ ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നാണ് ആരോപണം. ചെമ്പ് എന്ന് എഴുതിയത് പത്മകുമാറെന്ന് ഉറപ്പിക്കാന്‍ കയ്യക്ഷരം പരിശോധിക്കണം. ഇതിനായി സാംപിള്‍ ശേഖരിച്ചത് മൂന്ന് ദിവസം മുന്‍പാണ്. പത്മകുമാര്‍ അറസ്റ്റിലായി രണ്ട് മാസം കഴിഞ്ഞപ്പോളാണ് നടപടി. ഇതിന്റെ ഫലം ലഭിക്കാതെ കുറ്റപത്രം സമര്‍പ്പിക്കാനാവില്ല.
സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കെന്ന് എസ്ഐടി നേരത്തെ വ്യക്തമാക്കിയിരുന്നു. ദ്വാരപാലക പാളികളും കട്ടിള പാളികളും കടത്തിയതില്‍ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. രണ്ട് തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്ഐടി കണ്ടെത്തി.
റിയല്‍ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരേ കേസ് എടുത്തേക്കുമെന്നും റിപോര്‍ട്ടുണ്ട്. ദ്വാരപാലക കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കൊള്ള കേസില്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാനാണ് നീക്കം.
