ശബരിമലയിലെ സ്വര്‍ണപാളി വിവാദം: ഭാരം കുറഞ്ഞതെങ്ങനെയെന്ന് ഹൈക്കോടതി; അന്വേഷണത്തിന് നിര്‍ദേശം
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപാളി വിവാദത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. നാലു കിലോ ഭാരം ലോഹപാളിക്ക് കുറഞ്ഞെന്ന വിവരത്തില്‍ ഇതെങ്ങനെ സംഭവിച്ചു എന്ന് കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു. സംഭവത്തില്‍ ശബരിമലയിലെ വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. മൂന്നാഴ്ചക്കകം റിപോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ നിരവധി സംശയങ്ങളാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രകടിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ച്, 1999ല്‍ 'സ്വര്‍ണം പൂശിയ' ദ്വാരപാലക ശില്‍പ്പങ്ങള്‍ ശ്രീകോവിലിന്റെ വശങ്ങളില്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയതായി രേഖയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ ഗോള്‍ഡ്‌പ്ലേറ്റിങ് നടത്തിത്തരാമെന്ന ബെംഗളുരു സ്വദേശി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭ്യര്‍ഥന പ്രകാരം 'ചെമ്പ് പ്ലേറ്റുകള്‍' അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയി എന്നാണ് രേഖകളില്‍ കാണുന്നത്. ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി. നിലവില്‍ ഇവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും മൂന്നുപവന്‍ സ്വര്‍ണമാണ് ഇതിനുവേണ്ടി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
