റഷ്യ കിവിലേക്ക് അടുക്കുന്നു; പലായനം ചെയ്യുന്ന സാധാരണക്കാരെ റഷ്യന്‍ സൈന്യം കൊലപ്പെടുത്തിയതായി യുക്രെയ്ന്‍

Update: 2022-03-13 03:29 GMT

കിവ്: യുക്രെയ്ന്‍ തലസ്ഥാനമായ കിവിലേക്ക് റഷ്യന്‍ സൈന്യം കൂടുതല്‍ അടുത്തതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. പ്രദേശത്തേക്ക് റഷ്യ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിനിടയില്‍ റഷ്യന്‍ സൈന്യം നേരിടുന്ന ഏറ്റവും വലിയ നഷ്ടമെന്നാണ് സെലന്‍സ്‌കി ഇപ്പോഴത്തെ സംഘര്‍ഷത്തെ വിശേഷിപ്പിച്ചത്.

കിവില്‍ പലായനം ചെയ്യുന്ന സംഘത്തിനുനേരെ വെടിയുതിര്‍ത്ത് ഒരു കുട്ടിയുള്‍പ്പടെ ഏഴ് പേരെ റഷ്യന്‍ സൈന്യം കൊലപ്പെടുത്തിയതായി യുക്രെയ്ന്‍ ആരോപിച്ചു.

യുക്രെയ്‌നിലെ വിവിധ നഗരങ്ങളില്‍ നിന്നായി ഇന്നലെ 13,000 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളിയാഴ്ച ഇതിന്റെ പകുതി പേരാണ് ഒഴിഞ്ഞുപോയത്.

ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നതായി യുക്രെയ്ന്‍ ആരോപിച്ചു.

തന്റെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ ഒരു തരത്തിലുളള കീഴടങ്ങലിനും തയ്യാറല്ലെന്ന് യുക്രെയ്ന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

യുഎസ് സര്‍ക്കാര്‍ യുക്രെയ്‌ന് ആയുധങ്ങള്‍ വാങ്ങാന്‍ 200 ദശലക്ഷം ഡോളര്‍ അനുവദിച്ചു. നേരത്തെ 350 ദശലക്ഷം ഡോളര്‍ അനുവദിച്ചിരുന്നു.

Tags:    

Similar News