'റബ്ബര്‍ കര്‍ഷകരെ രക്ഷിക്കുക'; സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും: റോയ് അറക്കല്‍

Update: 2022-12-30 10:14 GMT

മലപ്പുറം: ദുരിതമനുഭവിക്കുന്ന റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ പ്രക്ഷോഭം സംസ്ഥാന വ്യാപകമായി ശക്തിപ്പെടുത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍. സംസ്ഥാനത്തെ 12 ലക്ഷത്തോളം ചെറുകിട റബ്ബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ റബര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റബ്ബറിന് തറവില 250 ആയി ഉയര്‍ത്തുക, റബ്ബര്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന നവ റിബറല്‍ നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുക, കര്‍ഷക ആനുകൂല്യങ്ങള്‍ ചെറുകിട റബ്ബര്‍ കൃഷിക്കാര്‍ക്കും ലഭ്യമാക്കുക, വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കുക, ലാറ്റക്‌സ്, കോമ്പൗണ്ട് റബ്ബര്‍ മുതലായ ടയര്‍ നിര്‍മാണ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കൂട്ടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ സി എച്ച് അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: സാദിഖ് നടുത്തൊടി, ജില്ലാ സെക്രട്ടറി ഉസ്മാന്‍ കരുളായി, എസ്ഡിടിയു ജില്ലാ സെക്രട്ടറി അലി കണ്ണിയത്ത്, ആര്‍പിഎഫ് കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അലവിക്കുട്ടി, എസ്ഡിപിഐ മലപ്പുറം മണ്ഡലം പ്രസിഡന്റ് ഷൗക്കത്ത് പുല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു. പെരിന്തല്‍മണ്ണ റോഡ് പെട്രോള്‍ പമ്പ് പരിസരത്തുനിന്ന് ആരംഭിച്ച റബ്ബര്‍ മരവും വഹിച്ചുള്ള റബ്ബര്‍ മാര്‍ച്ച് കലക്ടറേറ്റ് പടിയില്‍ പോലിസ് തടഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി റബ്ബര്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. ബഷീര്‍ നിലമ്പൂര്‍, യൂസഫ് ഏറനാട്, ഷാജഹാന്‍ മമ്പാട്, നസറുദ്ദീന്‍ ബാവ മലപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

Tags: