പോലിസിലെ ആര്‍എസ്എസ് ഗ്യാങ്; ആനി രാജയെ തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2021-09-04 14:39 GMT

തിരുവനന്തപുരം: കേരള പോലിസിലെ ആര്‍എസ്എസ് ഗ്യാങ് സംബന്ധിച്ച് സിപിഐ ദേശീയ നേതാവ് ആനി രാജ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഏതെങ്കിലും രീതിയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം ആനി രാജ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് ലഭിച്ച വിവരങ്ങള്‍ എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കും. വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


കഴിഞ്ഞ ദിവസമാണ് സംസ്ഥാന പൊലീസിനെതിരെ ആനി രാജ രംഗത്തെത്തിയത്. കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പൊലീസിനിടയില്‍ ആര്‍എസ്എസ് ഗ്യാങ് നിലവിലുണ്ടെന്ന് സംശയിക്കുന്നുവെന്നായിരുന്നു പ്രസ്താവന. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണെന്നും ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും ആനി രാജ പറഞ്ഞിരുന്നു.


ആനി രാജയുടെ പരാമര്‍ശം തള്ളുന്ന നിലപാടായിരുന്നു സിപിഐ സ്വീകരിച്ചത്. ആനി രാജയുടെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് രേഖാമൂലം പരാതിയും നല്‍കിയിരുന്നു. പൊലീസിനെ കുറിച്ച് കേരളത്തിലെ മുതിര്‍ന്ന സിപിഐ നേതാക്കള്‍ക്ക് പോലും പരാതിയില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ അതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആനി രാജയെ വിമര്‍ശിക്കാതെ പ്രതികരിച്ചത്.




Tags: