ആര്‍എസ്എസ്സിനെ നിരോധിച്ചത് സര്‍ദാര്‍ പട്ടേല്‍; ബിജെപിയെ ചരിത്രം ഓര്‍മിപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Update: 2022-10-30 06:02 GMT

ന്യൂഡല്‍ഹി: സര്‍ദാര്‍ പട്ടേലിനെ ഉയര്‍ത്തിക്കാട്ടി ജവഹര്‍ലാന്‍ നെഹ്രുവിനെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്ന ബിജെപിയെ ഇന്ത്യയുടെ ചരിത്രമോര്‍മിപ്പിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മഹാത്മാഗാന്ധിയും നെഹ്രുവും സര്‍ദാര്‍ പട്ടേലും നയിച്ചിരുന്ന കോണ്‍ഗ്രസ്സിനെയാണ് താന്‍ ഇപ്പോള്‍ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റായ ശേഷം ഗുജറാത്തില്‍ നടന്ന ആദ്യ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ദാര്‍ പട്ടേലിന്റെ വലിയൊരു പ്രതിമ നിര്‍മിച്ച ബിജെപിയെ ചരിത്രം ഓര്‍മിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ഖാര്‍ഗെയുടെ പ്രതികരണം.

പട്ടേലിനെ ഉയര്‍ത്തി നെഹ്രുവിനെ താഴ്ത്തിക്കെട്ടാനാണ് ബിജെപിയുടെ ശ്രമം. സര്‍ദാര്‍ പട്ടേലാണ് ആര്‍എസ്എസ്സിനെ നിരോധിച്ചതെന്ന് അവര്‍ പറയുന്നില്ല. ഹിന്ദു മഹാസഭയുടെ തീവ്രവാദവിഭാഗമാണ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതെന്ന് ശ്യാമപ്രസാദ് മുഖര്‍ജിക്കുള്ള കത്തില്‍ പട്ടേല്‍ എഴുതിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിനും രാജ്യത്തിനും ആര്‍എസ്എസ് വലിയ ഭീഷണിയാണെന്നും ആ കത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുതെന്ന നിബന്ധന അംഗീകരിച്ചാണ് നിരോധനം നീക്കിയത്. മുഖര്‍ജി ജനസംഘം രൂപീകരിച്ചത് ആര്‍എസ്എസ് സഹായത്തോടെയാണ്- ഖാര്‍ഗെ പറഞ്ഞു.

സെപ്തംബര്‍ 5ന് ഗുജറാത്തില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുലും പട്ടേലിനെക്കുറിച്ച് ബിജെപിയെ ഓര്‍മിപ്പിച്ചിരുന്നു.

Tags:    

Similar News