'റോഷ്‌നി' നിയമം ഒഴിവാക്കല്‍: ഭൂമി നഷ്ടപ്പെടുമെന്ന ഭയത്തില്‍ കശ്മീരി കര്‍ഷകര്‍

കൈയേറ്റ ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഉടമസ്ഥാവകാശം കൈമാറുന്നതായിരുന്നു റോഷ്‌നി നിയമം

Update: 2020-11-13 18:16 GMT

ശ്രീനഗര്‍: 2001 ലെ സ്റ്റേറ്റ് ലാന്‍ഡ് നിയമം അസാധുവായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭൂമി നഷ്‌പ്പെടുമെന്ന ഭയത്തില്‍ കശ്മീരിലെ ആയിരക്കണക്കിനു കര്‍ഷകര്‍. ജമ്മു കശ്മീര്‍ ഗവര്‍ണറുടെ ഭരണത്തിന്‍ കീഴിലായതിനാല്‍ റോഷ്‌നി നിയമപ്രകാരമുള്ള ഇടപാടുകള്‍ 2018നകം തന്നെ നിര്‍ത്തിവച്ചിരുന്നു. ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിയമം ''ഇനി പ്രസക്തമല്ല'' എന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം 2020 ഒക്ടോബര്‍ 31 ന്, ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 'റോഷ്‌നി' നിയമം അസാധുവായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെയാണ് കര്‍ഷകര്‍ വീടും കൃഷിയിടവും നഷ്‌പ്പെടുമെന്ന ഭീതിയിലായത്.

'റോഷ്‌നി' നിയമപ്രകാരം ഭൂമി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഒക്ടോബര്‍ 9 ന് ജമ്മു കശ്മീര്‍ ഹൈക്കോടതി റോഷ്‌നി നിയമം ''തികച്ചും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ഭൂമി അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. കൈയേറ്റ ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഉടമസ്ഥാവകാശം കൈമാറുന്നതായിരുന്നു റോഷ്‌നി നിയമം. ഇതില്‍ നിന്നുള്ള വരുമാനം ജമ്മു കശ്മീരിലെ വൈദ്യുതി പദ്ധതികള്‍ക്ക് ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്.

'ഔദ്യോഗിക കണക്കുകള്‍ പ്രകാരം 30,000 ത്തോളം ഗുണഭോക്താക്കള്‍ക്ക് റോഷ്‌നി നിയമപ്രകാരം സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. ഇതില്‍ ഒരു ചെറിയ ഭാഗം മാത്രമാണ് നിയമവിരുദ്ധമായി ഭൂമി കൈക്കലാക്കിയത്. ഭൂരിഭാഗവും ചെറുകിട കര്‍ഷകരാണ് എന്നതാണ് യാഥാര്‍ത്ഥ്യം,' അഭിഭാഷകന്‍ ഷെയ്ഖ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. ഹൈക്കോടതി വിധി വന്നതിനു ശേഷം ചെറുകിട കര്‍ഷകര്‍ പരിഭ്രാന്തിയിലാണെന്ന് അഹമ്മദ് പറഞ്ഞു. ഈ ആളുകള്‍ക്ക് വളരെ ചെറിയ ഭൂമി കൈവശമുണ്ട്, പലരും അവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്,അതിന് എന്തു സംഭവിക്കുമെന്ന ആധിയിലാണ് അവരെന്നും അഹമ്മദ് സൂചിപ്പിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2001ലാണ് റോഷ്‌നി നിയമം പാസാക്കിയത്.

Tags: