സ്‌കൂളിന്റെ സുരക്ഷ ബലികഴിച്ച് കരിങ്കല്‍ ക്വാറിക്ക് പ്രവര്‍ത്താനുമതി; സമരം 50ാം ദിവസത്തിലേക്ക്

Update: 2021-11-07 05:06 GMT

കോഴിക്കോട്: സ്‌കൂളിന്റെ സുരക്ഷ ബലികഴിച്ച് കരിങ്കല്‍ ക്വാറിക്ക് പ്രവര്‍ത്താനുമതി നല്‍കിയ കോഴിക്കോട്ടെ കായണ്ണ പഞ്ചായത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം 50ാം ദിവസത്തേക്ക് കടന്നു. ക്വാറിയുടെ പ്രവര്‍ത്തനം മൂലം സ്‌കൂളിനും പരിസരത്തെ ഇരുന്നൂറോളം വീടുകള്‍ക്കും തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ സമരം തുടങ്ങിയത്. ക്വാറി ഉടമകളെ സഹായിക്കാനായി സ്‌കൂളിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് വൈകിച്ചതായും പരാതിയുണ്ട്.

സ്‌കൂള്‍ തുറന്നിട്ടും ക്ലാസിനെത്താന്‍ ഭയക്കുകയാണ് കാറ്റുളളമല നിര്‍മ്മല എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയാണ് പ്രശനം. തുടര്‍ച്ചയായ പാറപൊട്ടിക്കല്‍ കാരണം, സ്‌കൂള്‍ കെട്ടിടം പലയിടത്തും വിണ്ടുകീറിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജീവനുവരെ ഭീഷണിയായ ക്വാറിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ക്വാറിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ബലക്ഷയമുണ്ടായ കെട്ടിടത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കേണ്ടെന്ന വിചിത്ര നിലപാടാണ് പഞ്ചായത്ത് എടുത്തത്.

സ്‌കൂളിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. ഒടുവില്‍ ജില്ല കലക്ടര്‍ ഉള്‍പ്പെടെ ഇടപെട്ട ശേഷം സ്‌കൂള്‍ തുറക്കുന്നതിന് തൊട്ടുമുമ്പാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നിട്ടും ക്വാറിക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് പഞ്ചായത്ത്. രണ്ടുവര്‍ഷം മുമ്പാണ് കായണ്ണ കൂരാച്ചുണ്ട് പഞ്ചായത്തുകളുടെ അതിര്‍ത്തിയായ കാറ്റുള്ള മലയില്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങിയത്.

ക്വാറിയുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ 200ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതോടെയാണ് നാട്ടുകാര്‍ ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അനിശ്ചതകാല സമരം തുടങ്ങിയത്.

Tags:    

Similar News