അസം വെടിവയ്പ് ഭയപ്പെടുത്തി വംശഹത്യ ചെയ്യാനുള്ള സംഘപരിവാര ശ്രമമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം, റിയാദ്

Update: 2021-09-25 12:31 GMT

റിയാദ്: അവകാശങ്ങള്‍ക്കുവേണ്ടി പ്രതിഷേധിക്കുന്നവരെ വെടിവെച്ചുകൊന്നും ഭയപ്പെടുത്തിയും വംശഹത്യ ചെയ്യാനുള്ള സംഘപരിവാര ശ്രമം വെറും വ്യാമോഹമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് കമ്മിറ്റി അംഗം ഹാരിസ് വാവാട് പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഒലയ്യ ബ്ലോക്ക് പ്രതിനിധിസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസമിലെ കുടിയൊഴുപ്പിക്കലിനെതിരെ പ്രതികരിച്ച നിരപരാധികള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ പോലിസ് വെടിവെച്ചത് നീതീകരിക്കാന്‍ പറ്റാത്തതാണ്. വെടിവെച്ചു കൊന്ന വ്യക്തിയുടെ മൃതദേഹത്തില്‍ പോലിസ് നോക്കിനില്‍ക്കെ ഫോട്ടോഗ്രാഫര്‍ നടത്തിയ അതിക്രമം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. സര്‍ക്കാരിന്റെയും ആര്‍എസ്എസിന്റെയും മുസ് ലിം വിരുദ്ധതയുടെ കാഠിന്യമാണ് ഈ സംഭവത്തിലൂടെ വെളിവായിരിക്കുന്നത്. രാജ്യത്തെ സ്വന്തം പൗരന്‍മാര്‍ക്ക് നേരെ സംഘപരിവാരവും സര്‍ക്കാരും ഇത്തരം ഹീനകൃത്യങ്ങള്‍ നടത്തുന്നത് ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ആത്മവീര്യം തകര്‍ക്കാനാണെന്നും ഇത്തരം പൈശാചിക കൃത്യങ്ങള്‍ക്കെതിരെ ജനാധിപത്യരീതിയില്‍ പൊതുസമൂഹത്തെ സംഘടിപ്പിക്കുമെന്നും ഇരകളുടെ നീതിക്കായി പോരാടുന്നവരോടൊപ്പം ഇന്ത്യന്‍ സോഷ്യല്‍ ഫോറം എന്നും മുന്നിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2018- 2021 കാലയളവിലെ ഒലയ്യ ബ്ലോക്ക് കമ്മറ്റി പ്രവര്‍ത്തന റിപ്പോര്‍ട്ട് മുജീബ് കാസിം അവതരിപ്പിച്ചു. പ്രതിനിധിസഭയുടെ 2021-24 കാലയളവിലേക്കുള്ള ഏഴ് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി റസാക്ക് മാക്കൂല്‍, വൈസ് പ്രസിഡണ്ട് റഹീം കല്ലായി, സെക്രട്ടറി അലിമോന്‍, ജോയിന്റ് സെക്രട്ടറിമാരായി അബ്ദുല്‍ ജലീല്‍ എടപ്പാള്‍ അബ്ദുല്‍ അസീസ് ആലുവ കമ്മിറ്റി മെമ്പര്‍മാരായി അബ്ദുല്‍കലാം, ബിലാല്‍ എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തമിഴ്‌നാട് സ്‌റ്റേറ്റ് കമ്മിറ്റി അംഗം ദിവാന്‍ ഒലി കേരള സ്‌റ്റേറ്റ് സെക്രട്ടറി മുഹമ്മദ് ഉസ്മാന്‍ എന്നിവര്‍ നിയന്ത്രിച്ചു.

പരിപാടിയില്‍ സൈനുല്‍ ആബിദ്,റഹീം കല്ലായി, റസാക്ക് മാക്കൂല്‍, അലിമോന്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News