നീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2022-07-03 02:30 GMT

ന്യൂഡല്‍ഹി: നീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഇസ്‌ലാം. 'മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു, അഭിപ്രായസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നു' എന്ന വിഷയത്തില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്വാതന്ത്ര്യവും നീതിയും നിഷേധിക്കാന്‍ ഫാഷിസ്റ്റുകള്‍ പോലിസിനെ ഉപയോഗിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തിനും ജനാധിപത്യഘടനയ്ക്കും വളരെ അപകടകരമാണ്.

ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെക്കുറിച്ച് അവര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. സത്യം പറയുന്നവരെ ബിജെപി ലക്ഷ്യമിടുകയാണ്. ഭരണഘടനാ വിരുദ്ധമായ ഇത്തരം നടപടികളിലൂടെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. ഇത് വളരെ സങ്കടകരമാണെന്നും യാസ്മിന്‍ ഇസ്‌ലാം പറഞ്ഞു. അഡ്വ. ലക്ഷ്മി രാജ (തമിഴ്‌നാട്), പ്രഫ. സൈദ സാദിയ (കര്‍ണാടക), അഡ്വ. കെ നന്ദിനി (കേരളം), പ്രഫ. പ്രമീള (കര്‍ണാടക), അഡ്വ. സഫിയ നിസാം (തമിഴ്‌നാട്), അഡ്വ. ഖാലിദ (തമിഴ്‌നാട്) ഉള്‍പ്പെടെയുളള നിരവധി വനിതാ സാമൂഹിക പ്രവര്‍ത്തകരും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ഭാരവാഹികളും വെബിനാറില്‍ പങ്കെടുത്തു.

Tags: