പ്രതികൂല കാലാവസ്ഥയിലും പെട്ടിമുടിയില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനം

Update: 2020-08-09 14:03 GMT

രാജമല: പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് പെട്ടിമുടിയില്‍ കഴിഞ്ഞ 3 ദിവസമായി തിരച്ചിലും രക്ഷാ പ്രവര്‍ത്തനവും തുടരുന്നത്. ഇടമുറിയാതെ പെയ്യുന്ന മഴയാണ് തിരച്ചില്‍ ജോലികള്‍ക്കേറെ വെല്ലുവിളി ഉയര്‍ത്തുന്നത്. എന്‍ ഡി ആര്‍ എഫ് സംഘവും വനം, പോലിസ്, റവന്യൂ, ഫയര്‍ഫോഴ്സ് സംഘവും അക്ഷീണം തിരച്ചില്‍ ജോലികളുമായി മുമ്പോട്ടുപോകുന്നു. സന്നദ്ധ പ്രവര്‍ത്തകരുടെയും പ്രദേശവാസികളുടെയും സഹായവും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നു. 


മന്ത്രിമാരടക്കമുള്ളവരും പ്രാദേശിക ഭരണകൂടങ്ങളും ഉദ്യോഗസ്ഥ പ്രതിനിധികളും ചേര്‍ന്ന് തിരച്ചില്‍ ദൗത്യം ഏകോപിപ്പിക്കുന്നു. കല്ലും മണ്ണും ഒഴുകിയെത്തി പ്രദേശം ചതുപ്പിന് സമാനമായി തീര്‍ന്നിരിക്കുന്നു. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് നീര്‍ച്ചാല്‍ രൂപപ്പെട്ടിട്ടുണ്ട്. രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാത തീര്‍ത്തും ദുര്‍ഘടമായി കഴിഞ്ഞു. പാതയില്‍ നിരവധിയിടത്ത് ചെറുതും വലുതുമായ മണ്ണിടിച്ചില്‍ ഉണ്ടാവുകയും പലയിടത്തും പാതയുടെ വീതി നഷ്ടപ്പെടുകയും ചെയ്തു കഴിഞ്ഞു.








നിരന്തരം രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ സഞ്ചരിച്ച് പാത പലയിടത്തും ചെളിക്കുണ്ടായി മാറിയിട്ടുണ്ട്. ജെസിബിയും ലോറിയുമടക്കമുള്ള വലിയ വാഹനങ്ങള്‍ ഏറെ സാഹസപ്പെട്ടാണ് പെട്ടിമുടിയിലേക്കെത്തിക്കുന്നത്. ദുരന്തബാധിത മേഖലയില്‍ ആകെ ലഭ്യമായിരുന്ന ബി എസ് എന്‍ എല്‍ മൊബൈല്‍ സേവനത്തിന്റെ വ്യാപ്തി കൂട്ടിയത് ആശയവിനിമയ സംവിധാനത്തിന് കൂടുതല്‍ സഹായകരമായി. പക്ഷേ, ദുരന്തം ഉറ്റവരെ നഷ്ടപ്പെടുത്തിയവരുടെ മുഖത്ത് വരുത്തിയ കണ്ണീര്‍ച്ചാലിന്റെ ചൂടില്‍ രക്ഷാപ്രവര്‍ത്തകര്‍ കൈമെയ് മറന്നാണ് തിരച്ചില്‍ ജോലികള്‍ ചെയ്യുന്നത്. വലിയ പാറക്കല്ലുകലും കെട്ടിടാവശിഷ്ടങ്ങളും തള്ളിനീക്കുമ്പോള്‍ പ്രതീക്ഷയുടെ കണ്ണുകളാണ് എല്ലാവരിലുമുള്ളത്. കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കും പിന്നീട് സംസ്‌ക്കാര ചടങ്ങുകള്‍ക്കുമായി കൊണ്ടു പോകുമ്പോള്‍ ഉയരുന്ന വിതുമ്പലുകള്‍ ഇടക്കിടെ പെട്ടിമുടിയുടെ നിശബ്ദത മുറിക്കുന്നു. ഈ മഴക്കാലം പെട്ടിമുട്ടിയുടെ നടുവിലൂടെ തീര്‍ത്ത നീര്‍ച്ചാല്‍ വറ്റിയാലും ഉറ്റവരെ നഷ്ടമായവരുടെ കവിളിലെ കണ്ണീര്‍ച്ചാല്‍ ഉണങ്ങില്ല.

സബ്കലക്ടര്‍ പ്രേം കൃഷ്ണന്‍, ദേവികുളം തഹസീല്‍ദാര്‍ ജിജി കുന്നപ്പള്ളി, മൂന്നാര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫ്, മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജിത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങല്‍ക്ക് നേതൃത്വം നല്‍കി. 42 പേരുടെ മൃതദേഹമാണിതുവരെ കണ്ടെടുത്തത്. കാന്തിരാജ് (48),ശിവകാമി (38), വിശാല്‍ (12), മുരുകന്‍ (48), രാമലക്ഷ്മി (39), മയില്‍ സ്വാമി (45), കണ്ണന്‍ (40),അണ്ണാദുരൈ ( 48), രാജേശ്വരി (43), മൗനിക (18) തപസ്സിയമ്മ (42), കസ്തൂരി (19), ദിനേശ് (25), പനീര്‍ശെല്‍വം( 50), ശിവരഞ്ജിനി (24), രാജ (35), ശോഭന (50), കുട്ടിരാജ് (50), ബിജില (46), സരസ്വതി (42), മണികണ്ഡന്‍ (20), ദീപക് (18), ഷണ്മുഖയ്യ (58), പ്രഭു (55), ഭാരതി രാജ (32), സരിത (53), അരുണ്‍ മഹേശ്വരന്‍(34), പവന്‍ തായ് (52), ചെല്ലദുരൈ (57), തങ്കമ്മാള്‍ ഗണേശന്‍(45), തങ്കമ്മാള്‍ അണ്ണാദുരൈ (45), ചന്ദ്ര (63), മണികണ്ഠന്‍ (22), റോസ്ലീന്‍ മേരി (56), കപില്‍ദേവ് (28), ഈശയ്യ (58) സരസ്വതി ചെല്ലമ്മാള്‍ (60), ഗായത്രി (23), ലക്ഷണ ശ്രീ (7), അച്ചുതന്‍ (52), സഞ്ജയ് (14), അഞ്ജുമോള്‍ (21)എന്നിവരുടെ മൃതദേഹമാണിതുവരെ കണ്ടെടുത്തത്. 

Similar News