സൗദിയിലെ വനിതാ അവകാശ പ്രവര്‍ത്തകരുടെ മോചനം: ജി 20 ഉച്ചകോടി ഇടപെടണമെന്ന് ആംനസ്റ്റി

വനിതാ ശാക്തീകരണം സൗദി അറേബ്യയുടെ ജി 20 അജണ്ടയിലുണ്ടെങ്കിലും രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രചാരണത്തിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകര്‍ തടവിലാക്കപ്പെടുകയോ വിചാരണ നേരിടുകയോ ചെയ്യുന്നുവെന്ന് യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായുള്ള ആംനസ്റ്റി പ്രസ്താവനയില്‍ പറഞ്ഞു.

Update: 2020-11-19 18:48 GMT

റിയാദ്: വനിതകളുടെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ടവരുടെ മോചനത്തിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ ജി 20 ഉച്ചകോടി ഇടപെടണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു. ഈ ആഴ്ചയാണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി നടക്കുക. വനിതാ ശാക്തീകരണം സൗദി അറേബ്യയുടെ ജി 20 അജണ്ടയിലുണ്ടെങ്കിലും രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രചാരണത്തിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകര്‍ തടവിലാക്കപ്പെടുകയോ വിചാരണ നേരിടുകയോ ചെയ്യുന്നുവെന്ന് യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായുള്ള ആംനസ്റ്റി പ്രസ്താവനയില്‍ പറഞ്ഞു.

അറസ്റ്റിലായ ചില വനിതകളെ വിട്ടയച്ചുവെങ്കിലും കൂടുതല്‍ പേരും മാധ്യമങ്ങള്‍, നയതന്ത്രജ്ഞര്‍, മനുഷ്യാവകാശ ഗ്രൂപ്പുകള്‍ എന്നിവരുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ തടവില്‍ തുടരുകയാണ്. ''സൗദി അധികാരികളെ സംബന്ധിച്ചിടത്തോളം ജി 20 ഉച്ചകോടി നിര്‍ണായകമാണ്, അവരുടെ പരിഷ്‌കരണ അജണ്ട ലോകത്തിന് പ്രോത്സാഹനമാകുന്നതിനും രാജ്യം വാണിജ്യത്തിനു വേണ്ടി തുറന്നിട്ടതായി കാണിക്കുന്നതിനുമുള്ള സമയമാണ് ഇത്.' ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ഡെപ്യൂട്ടി റീജിയണല്‍ ഡയറക്ടര്‍ ലിന്‍ മാലൂഫ് പറഞ്ഞു.

അതേസമയം, സൗദി അറേബ്യയുടെ യഥാര്‍ത്ഥ പരിഷ്‌കര്‍ത്താക്കള്‍ അഴികള്‍ക്കു പിന്നിലാണെന്നും അവര്‍ പറഞ്ഞു.സൗദിയില്‍ ജയിലില്‍ കിടക്കുന്ന മൂന്ന് സ്ത്രീകളെയെങ്കിലും മാസങ്ങളോളം ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വൈദ്യുതാഘാതം, ചാട്ടവാറടി, ലൈംഗികാതിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ദുരുപയോഗത്തിന് അവര്‍ വിധേയരാണ്. ലജ്ജയില്ലാത്ത ഈ കാപട്യത്തിനെതിരെ സംസാരിക്കാന്‍ ഞങ്ങള്‍ ജി 20 നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. സൗദി അറേബ്യയില്‍ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്ന പ്രവര്‍ത്തകരാണ് പരിഷ്‌കരണത്തിനുള്ള യഥാര്‍ത്ഥ ശബ്ദങ്ങള്‍, അവരെ ശ്രദ്ധിക്കണം, പൂട്ടിയിടരുത്, ''ആംനസ്റ്റിയുടെ മാലൂഫ് പറഞ്ഞു.

Tags:    

Similar News