ആര്‍കോം ബാങ്ക് തട്ടിപ്പ്: കേന്ദ്ര സര്‍ക്കാര്‍, അംബാനി, ഇഡി, സിബിഐ എന്നിവര്‍ക്ക് സുപ്രിംകോടതി നോട്ടിസ്

Update: 2025-11-18 09:16 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), അനില്‍ അംബാനി എന്നിവര്‍ക്ക് സുപ്രിംകോടതിയുടെ നോട്ടിസ്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, അംബാനി, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ബാങ്കിംങ് തട്ടിപ്പില്‍ കോടതി മോല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് നടപടി. ഗവണ്‍മെന്റ് ഓഫ് ഇന്തയുടെ മുന്‍ സെക്രട്ടറിയായ ഇ എസ് ശര്‍മ്മയാണ് ഹരജി ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി , ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തില്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി.

ഫണ്ട് വ്യവസ്ഥാപിതമായി വകമാറ്റിയതായി കണ്ടെത്തിയിട്ടുള്ള ബോംബെ ഹൈക്കോടതി വിധിയും ഹരജിക്കാരന്‍ ഉദ്ധരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നയിക്കുന്ന ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 2013 നും 2017 നും ഇടയില്‍ ആര്‍കോമും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ റിലയന്‍സ് ഇന്‍ഫ്രാടെലും റിലയന്‍സ് ടെലികോമും 31,580 കോടി വായ്പ സ്വീകരിച്ചതായി ആരോപിക്കപ്പെടുന്നു. എസ്ബിഐ നിയോഗിച്ച ഫോറന്‍സിക് ഓഡിറ്റില്‍ വലിയ തോതിലുള്ള തിരിമറി കണ്ടെത്തിയതായി പറയപ്പെടുന്നു.

നെറ്റിസണ്‍ എഞ്ചിനീയറിങ്, കുഞ്ച് ബിഹാരി ഡെവലപ്പേഴ്സ് തുടങ്ങിയ ഷെല്‍ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഫണ്ട് തട്ടിയെടുക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തുവെന്നും ബാധ്യതകള്‍ എഴുതിത്തള്ളാന്‍ വ്യാജ മുന്‍ഗണനാ ഓഹരി ഘടനകളെ വിന്യസിച്ചുവെന്നും ഇത് 1,800 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ഹരജിയില്‍ ആരോപിക്കുന്നു. 2020 ഒക്ടോബറില്‍ സമര്‍പ്പിച്ച ഫോറന്‍സിക് ഓഡിറ്റില്‍ നടപടിയെടുക്കുന്നതില്‍ എസ്ബിഐ ഏകദേശം അഞ്ച് വര്‍ഷത്തെ കാലതാമസം വരുത്തിയതാണ് മറ്റൊരു പ്രധാന പരാതി.

Tags: