ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുക്കളെ എലികള്‍ കടിച്ചുകൊന്ന സംഭവം; നീതി കിട്ടിയില്ലെങ്കില്‍ പ്രതിഷേധമെന്ന് കുടുംബം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയില്‍, നവജാത ശിശുക്കളെ എലികള്‍ കടിച്ചുകീറി കൊന്നതില്‍ നീതി കിട്ടിയില്ലെന്ന് കുടുംബം. ആശുപത്രിക്കെതിരേ തക്കമായ നടപടികള്‍ എടുത്തില്ലെങ്കില്‍ തങ്ങള്‍ പ്രതിഷേധം നടത്തുമെന്നും കുഞ്ഞുങ്ങളുടെ കുടുംബം വ്യക്തമാക്കി. സെപ്റ്റംബര്‍ 7നാണ് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ആശുപത്രിക്കുള്ളില്‍ വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. എലികള്‍ കുഞ്ഞിന്റെ കൈകള്‍ കടിച്ചുകീറിയ നിലയിലായിരുന്നു. അതേ വാര്‍ഡില്‍ കടിയേറ്റ് മറ്റൊരു നവജാത ശിശുവും അടുത്ത ദിവസം മരിച്ചു.
എന്നാല്‍ എലികളുടെ കടിയേറ്റ് കുഞ്ഞുങ്ങള്‍ മരിച്ചുവെന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു, രണ്ട് കുഞ്ഞുങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു അവരുടെ അഴകാശവാദം.
'തന്റെ മകള്‍ ഓഗസ്റ്റ് 31 ന് ധറിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ചു.ജനിച്ചയുടനെ, ഇംപെര്‍ഫൊറേറ്റ് അനസ് എന്നറിയപ്പെടുന്ന ജന്മനാ ഉള്ള വൈകല്യത്തിന് ഡോക്ടര്‍മാര്‍ അവളെ ഇന്‍ഡോറിലേക്ക് അടിയന്തര ശസ്ത്രക്രിയയ്ക്കായി റഫര്‍ ചെയ്തു.അന്ന് രാത്രി അവളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആവശ്യമെങ്കില്‍ ഞങ്ങളെ ബന്ധപ്പെടാമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലേക്ക് കൊണ്ടുപോയപ്പോള്‍ ഞാന്‍ അവളെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. അതിനുശേഷം, എനിക്ക് സന്ദര്‍ശക പാസ് ഇല്ലാത്തതിനാല്‍ എന്നെ അകത്തേക്ക് അനുവദിച്ചില്ല,ഞാനൊരു ദരിദ്രനാണ്. ധറില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള ആംബുലന്‍സിനായി ഞങ്ങള്‍ നല്‍കിയ 200 രൂപ എന്റെ കൈവശമുണ്ടായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ വിളിക്കാമെന്ന് ആശുപത്രി അറിയിച്ചു. അങ്ങനെ ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി, ദിവസങ്ങള്‍ക്കുശേഷമാണ് മരണ വാര്‍ത്ത വന്നത്, 'മരിച്ച കുഞ്ഞിന്റെ പിതാവ് ദേവറാം കട്ടാര പറഞ്ഞു.
'ഞങ്ങള്‍ വിദ്യാഭ്യാസം നേടിയവരല്ല. ഞങ്ങള്‍ രണ്ടുപേരും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. സര്‍ക്കാരിനോടുള്ള ഞങ്ങളുടെ ഒരേയൊരു ആവശ്യം കുറ്റവാളികളെ ശിക്ഷിക്കുകയും ഞങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയും ചെയ്യുക എന്നതാണ്,' ദേവാറാം പറഞ്ഞു.അതേസമയം, മാതാപിതാക്കളെ അറിയിക്കാതെ കുഞ്ഞിനെ 'അനാഥ മൃതദേഹം' ആയി ദഹിപ്പിക്കാന്‍ ആശുപത്രി ഒരുങ്ങുകയാണെന്ന വിവരം ആദിവാസി അവകാശ സംഘടനയായ ജയ് ആദിവാസി യുവ ശക്തി ജെഎവൈഎസ് അംഗങ്ങള്‍ക്ക് ലഭിക്കുകയും അവര്‍ അവിടെ എത്തുകയുമായിരുന്നു. തുടര്‍ന്നാണ് വാര്‍ത്തകള്‍ പുറംലോകം അറിയുന്നത്.
മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജെയ്സ് ആശുപത്രി ഭരണകൂടത്തിന് 10 ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും ജയ് ആദിവാസി യുവ ശക്തി ജെഎവൈഎസ് ദേശീയ പ്രസിഡന്റ് ലോകേഷ് മുച്ചാല്‍ഡ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍, തങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ആവശ്യമെങ്കില്‍ കോടതിയെയും സമീപിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

