പൗരത്വ ഭേദഗതി ബില്ലിന്മേലുള്ള രാജ്യസഭ ചര്‍ച്ച ലൈവ് ടെലികാസ്റ്റ് നിര്‍ത്തിവച്ചു

പ്രതിപക്ഷ പാര്‍ട്ടികള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2019-12-11 07:53 GMT

ന്യൂഡല്‍ഹി: പൗരത്വ ബില്ല് അവതരിപ്പിച്ചതിനു ശേഷമുള്ള രാജ്യസഭ ചര്‍ച്ചകള്‍ ടെലികാസ്റ്റ് ചെയ്യുന്നത് നിര്‍ത്തിവച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. അസമിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതിപക്ഷം കടുത്ത രീതിയില്‍ പ്രതികരിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

പൗരത്വ ഭേദഗതി ബില്ല് കുറച്ചു സമയത്തിനു മുന്‍പാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ല്് നേരത്തെ തന്നെ ലോക്‌സഭയില്‍ പാസ്സായിരുന്നു. തുടര്‍ന്നാണ് അംഗീകാരത്തിനായി രാജ്യസഭയില്‍ അവതരിപ്പിച്ചത്.

ബില്ല് മുസ്ലിം വിരുദ്ധമാണെന്ന വാദം അമിത് ഷാ തള്ളിക്കളഞ്ഞു. മുസ്ലിങ്ങള്‍ ഇന്ത്യക്കാരാണ്, ആയിരിക്കുകയും ചെയ്യും. അവരോട് യാതൊരു വിവേചനവും ഉണ്ടാവില്ല- അമിത് ഷാ രാജ്യ സഭയില്‍ അവകാശപ്പെട്ടു. മുസ്ലിങ്ങള്‍ ബില്ലിനെ കുറിച്ച് ആശങ്കപ്പെടേണ്ട ഒരു കാര്യമില്ല. പാകിസ്താനില്‍ നിന്ന് വരുന്ന മുസ്ങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്ന് അമിത് ഷാ പ്രതിപക്ഷത്തോട് ചോദിച്ചു. അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന ആരോപണം അമിത് ഷാ നിഷേധിച്ചു. പൗരത്വ ഭേദഗതി ബില്ല് ബിജെപിയുടെ മാനിഫെസ്റ്റോയിലുള്ളതാണെന്നും അത് നടപ്പാക്കുക തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

1955 ലെ പൗരത്വ ബില്ലില്‍ ഭേദഗതി നിര്‍ദേശിക്കുന്ന പുതിയ ബില്ല് മുസ്ലിം ഇതര അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. അയല്‍സംസ്ഥാനങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, ജൈന, പാര്‍സി കുടിയേറ്റക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പതിനൊന്ന് വര്‍ഷം ഇന്ത്യയില്‍ തുടര്‍ച്ചായി താമസിക്കണമെന്ന മാനദണ്ഡം പുതിയ ബില്ലില്‍ ആറു വര്‍ഷമായി ചുരിക്കിയിട്ടുണ്ട്. 2014 ഡിസംബര്‍ 31 ആണ് കട്ടോഫ് ഡെയ്റ്റായി തീരുമാനിച്ചിട്ടുള്ളത്.  

Tags:    

Similar News