രാജീവന് മാവോവാദി ബന്ധമെന്നു സംശയം: ക്യൂ ബ്രാഞ്ച് കേരളത്തിലേക്ക്

Update: 2020-11-16 11:51 GMT

കല്‍പ്പറ്റ: മാവോവാദി ബന്ധം സംശയിച്ചു പോലിസ് കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ പൂക്കാട് സ്വദേശിയും പനമരം ബാങ്ക് ആക്രമണ കേസ് പ്രതിയുമായ രാജീവന് മാവോദി ബന്ധമെന്ന് പോലിസ്. രാജീവനെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.

ആദിവാസി സമര സംഘം സെക്രട്ടറിയും പോരാട്ടം സംസ്ഥാന സമിതി അംഗവുമായ രാജീവന്റെ ഭാര്യ തങ്കമ്മയുടെ വീട്ടിലും പോലിസ് റെയ്ഡ് നടത്തി. പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു. രാജീവനെ ചോദ്യം ചെയ്യാന്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ കല്‍പ്പറ്റയില്‍ എത്തുന്നുണ്ട്. ഐ ബി ഉദ്യോഗസ്ഥരും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ഇവരെ കൂടാതെ കര്‍ണാടക പോലീസിലെ ചില ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിന് എത്തുമെന്നുംഅന്വേഷണത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ അതിനുശേഷമേ പറയാനാവൂ എന്നും വയനാട് ജില്ലാ പോലിസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു.

എന്നാല്‍ പോലീസ് വയനാട്ടില്‍ ഭീകരത സൃഷ്ടിക്കുകയാണെന്ന് പോരാട്ടം സംസ്ഥാന സമിതി ആരോപിച്ചു. യാതൊരു മുന്നറിയിപ്പുകളും മര്യാദകളും ഇല്ലാതെയാണ് തങ്കമ്മയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്നും പോരാട്ടം സംസ്ഥാന സമിതി കണ്‍വീനര്‍ ഷാന്റോ ലാല്‍ പറഞ്ഞു.

Similar News