ജയ്പൂര്‍: രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ 15 ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിലക്ക്. ചൗധരി സമുദായ നേതൃത്വത്തിലുള്ള സുന്ദമാത പാട്ടി പഞ്ചായത്താണ് ഉത്തരവിറക്കിയത്. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയ പഞ്ചായത്ത്, ക്യാമറയുള്ള ഫോണുകള്‍ കൈവശം വെക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 26 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം, സ്ത്രീകള്‍ക്ക് കീപാഡ് ഫോണുകള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. വിവാഹങ്ങള്‍, സാമൂഹിക ഒത്തുചേരലുകള്‍ എന്നിവയ്ക്ക് മാത്രമല്ല, അയല്‍ക്കാരെ സന്ദര്‍ശിക്കുമ്പോള്‍ പോലും മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവാദമില്ല.
സ്ത്രീകള്‍ വീടിനു പുറത്തുപോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ വീടിനുള്ളില്‍ മാത്രമേ ഫോണ്‍ ഉപയോഗിക്കാവൂ. സ്മാര്‍ട്ട് ഫോണുകള്‍ അഥവാ ക്യാമറയുള്ള ഫോണുകള്‍ ഉപയോഗിക്കുന്നതിനാണ് പ്രധാനമായും വിലക്ക്. ലളിതമായ ഫീച്ചര്‍ ഫോണുകള്‍ മാത്രമേ അനുവദിക്കൂ എന്നാണ് സൂചന. മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം കുറയ്ക്കാനും സാമൂഹിക അച്ചടക്കം നിലനിര്‍ത്താനുമാണ് ഈ നടപടിയെന്നാണ് ഖാപ് പഞ്ചായത്ത് അധ്യക്ഷന്റെ വാദം. ആവശ്യമെങ്കില്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് വീടിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാമെന്നും എന്നാല്‍ പുറത്തോ സാമൂഹിക പരിപാടികളിലോ അവ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഇയാള്‍ വിശദീകരിച്ചു.
സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണുകള്‍ ഉള്ളപ്പോള്‍ കുട്ടികള്‍ അത് കൂടുതലായി ഉപയോഗിക്കാനുള്ള പ്രവണത കാണിക്കുന്നു. ഇത് അവരുടെ കാഴ്ചശക്തിയെ ബാധിച്ചേക്കാം. അതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കേണ്ടത് പ്രധാനമാണെന്നും ഇയാള്‍ പറയുന്നു. ഞായറാഴ്ച ഗാസിപൂര്‍ ഗ്രാമത്തില്‍ നടന്ന പഞ്ചായത്ത് യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പാട്ടി സമുദായത്തിന്റെ പ്രസിഡന്റ് സുജനറാം ചൗധരിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഭിന്‍മല്‍ പ്രദേശത്തെ ഗാസിപൂര്‍, പാവാലി, കല്‍ഡ, മനോജിയവാസ്, രാജികാവാസ്, ദത്തലവാസ്, രാജ്പുര, കോഡി, സിദ്രോഡി, അല്‍ദി, റോപ്‌സി, ഖാനദേവല്‍, സവിധാര്‍, ഹത്മി കി ധനി, ഖാന്‍പൂര്‍ എന്നീ ഗ്രാമങ്ങളില്‍ തീരുമാനം നടപ്പാക്കും.
വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകള്‍ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഉപയോഗിക്കുന്നതിനും സമാനമായ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

