ന്യൂഡല്‍ഹി: വോട്ട് ഇല്ലാതാക്കല്‍ ലക്ഷ്യംവയ്ക്കുന്നത് ന്യൂനപക്ഷങ്ങളെയെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. തെളിവുസഹിതം കണക്കുകള്‍ നിരത്തിയാണ് രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ അദ്ദേഹം രൂക്ഷവിമര്‍ശനമുന്നയിച്ചു. ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനപൂര്‍വ്വം വോട്ട് ഇല്ലാതാക്കല്‍ നടക്കുന്നുവെന്നും കര്‍ണാടകയിലെ ആലന്ദില്‍ ഇല്ലാതാക്കിയത് 6000 വോട്ടുകളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് മോഷണം ലക്ഷ്യം വയ്ക്കുന്നത് ദലിതരെയും ന്യൂനപക്ഷങ്ങളെയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് നഷ്ടപ്പെട്ടവരെ കൂടി വേദിയില്‍ കൊണ്ടുവന്നാണ് അദ്ദേഹം തെളിവുകള്‍ നിരത്തിയത്. ഹൈഡ്രജന്‍ ബോംബ് വരുന്നേ ഉള്ളൂ എന്നും ഇനിയും തെളിവുകള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.