രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയിലെത്തും മുന്‍പ് പിടികൂടാനായി പോലിസ്

Update: 2025-12-02 02:53 GMT

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പോലിസ് ശക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നതിനാല്‍ കോടതി ഉത്തരവിന് ശേഷമേ അറസ്റ്റിനെക്കുറിച്ച് തീരുമാനമെന്നിരുന്ന മുന്‍ നിലപാട് മാറ്റിയാണ് പോലിസ് വ്യാപക തിരച്ചില്‍ ആരംഭിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും ബെംഗ്ലൂരുവിലും തിരച്ചില്‍ നടത്തുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാഹുലുമായി അടുത്ത ബന്ധമുള്ളവരെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫും ഒളിവിലാണ്. അന്വേഷണം തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തിലാണ്.

നിര്‍ബന്ധിത ഗര്‍ഭഛിദ്രമടക്കം നേരിട്ട പീഡനങ്ങളെക്കുറിച്ച് യുവതി വിശദമൊഴി നല്‍കിയ സാഹചര്യത്തില്‍ മുന്‍കൂര്‍ജാമ്യം ലഭിക്കില്ലെന്നാണു പോലിസിന്റെ കണക്കുകൂട്ടല്‍. തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്‌ളാറ്റുകളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിന്റെ തിയ്യതി അടക്കമുള്ള വിശദാംശങ്ങള്‍ യുവതിയുടെ മൊഴിയിലുണ്ട്. ബലാല്‍സംഗവുമായി ബന്ധപ്പെട്ട 4 വകുപ്പുകളും ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അതുമായി ബന്ധപ്പെട്ട വകുപ്പും ചുമത്തിയാണ് കേസ്. ഇതിനിടെ, താന്‍ നിരപരാധിയാണെന്ന വാദം ശക്തിപ്പെടുത്താന്‍ രാഹുല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. യുവതിയുമായുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍, ഫോണ്‍ സംഭാഷണങ്ങള്‍, യുവതിയും ഭര്‍ത്താവും ഒന്നിച്ചുള്ള ചിത്രങ്ങള്‍ എന്നിവയാണ് അഭിഭാഷകന്‍ ഹരജിയോടൊപ്പം സമര്‍പ്പിച്ചത്. യുവതി ഗര്‍ഭിണിയായിരുന്ന വേളയില്‍ വിവാഹിതയായിരുന്നു എന്നതും ഭര്‍ത്താവില്‍ നിന്ന് അകലെയായിരുന്നില്ല എന്നതും രാഹുല്‍ വാദിക്കുന്നു. ജാമ്യം തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിഭാഗം.

അതേസമയം, യുവതിക്കെതിരെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ വന്ന അധിക്ഷേപകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മെറ്റയ്ക്ക് പോലിസ് ഇമെയില്‍ അയച്ചു.


Tags: