രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം: അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

Update: 2022-06-25 17:49 GMT

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസ് ആക്രമിച്ച കേസില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ ആകെ പിടിയിലായ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ എണ്ണം 30 ആയി. ഇതില്‍ 19 പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സനല്‍ സെക്രട്ടറി അവിഷിത്തിന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്നും പങ്ക് അന്വേഷിച്ചുവരികയാണെന്നും പോലിസ് അറിയിച്ചു.

ഓഫിസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ വയനാട് ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമുള്ളവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ പ്രതിയായ ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗമായ അവിഷിത്തിനെ പുറത്താക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. ഈ മാസം 15 മുതല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. അവിഷിത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍ തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ഇന്ന് രാവിലെ മന്ത്രിയുടെ ഓഫിസ് കെ ആര്‍ അവിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഏറെ നാളായി ഓഫിസില്‍ ഹാജരാവുന്നില്ലെന്നും അതിനാല്‍ ഒഴിവാക്കണമെന്നുമാണ് കത്തില്‍ പറയുന്നത്. നേരത്തെ അവിഷത്ത് തന്റെ സ്റ്റാഫംഗമല്ലെന്ന വിശദീകരണമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നല്‍കിയത്. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് അവിഷിത്ത് ഒഴിവായിരുന്നുവെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. എസ്എഫ്‌ഐ വയനാട് ജില്ല മുന്‍ വൈസ് പ്രസിഡന്റാണ് അവിഷിത്ത്.

അതേസമയം, എംപിയുടെ ഓഫിസ് ആക്രമണത്തില്‍ നടപടി തീരുമാനിക്കാന്‍ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ഓഫിസ് ആക്രമിച്ചതില്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേള്‍ക്കും. എസ്എഫ്‌ഐ സംസ്ഥാന സെന്റര്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ നടപടി തീരുമാനിക്കും. ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നാരോപിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ആക്രമണത്തില്‍ ഓഫിസ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഓഫിസിലെ കംപ്യൂട്ടറുകളും ഫയലുകളും അടക്കമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പോലിസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.

Tags:    

Similar News