ആര്‍ ബി ശ്രീകുമാറിന്റെയും ടീസ്ത സെതല്‍വാദിന്റെയും അറസ്റ്റ്: പൗരാവകാശത്തിനും ജനാധിപത്യത്തിനുമെതിരായ കടന്നാക്രമണമെന്ന് പിഡിപി

Update: 2022-06-26 17:38 GMT

കോഴിക്കോട്: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് 19 വര്‍ഷക്കാലം നിയമപോരാട്ടത്തിനിറങ്ങുകയും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ടീസ്ത സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും സുപ്രിംകോടതി വിധിയുടെ മറവില്‍ അറസ്റ്റുചെയ്ത നടപടി പൗരാവകാശത്തിനും ജനാധിപത്യത്തിനുമെതിരായ കടന്നാക്രമണമാണെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഗുജറാത്ത് കലാപ സമയത്ത് ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തപ്പെട്ട ആക്രമണങ്ങളുടെ അന്തപ്പുര രഹസ്യങ്ങള്‍ സംസ്ഥാനത്ത് ഇന്റലിജന്‍സ് വിഭാഗം കൈകാര്യം ചെയ്ത പ്രധാന ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലമായി സമര്‍പ്പിച്ചതാണ്. അവ അംഗീകരിക്കാത്ത നടപടി കടുത്ത നീതിരാഹത്യമാണ്. ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഗുജറാത്ത് കാലപ കാലത്ത് സംസ്ഥാനത്തെ സര്‍വ അധികാരവും കൈയാളിയ ഒരു മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. നിരന്തരം രൂക്ഷമായ ന്യൂനപക്ഷവിദ്വേഷവും വര്‍ഗീയ ആഹ്വാനങ്ങളും പ്രസ്താവനകളും പ്രസംഗങ്ങളും കൊണ്ട് തന്റെ ഹീനമുഖം സമൂഹമധ്യത്തില്‍ വെളിപ്പെടുത്തിയ മോദിക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ പോലും സന്ദര്‍ശനം വിലക്കേര്‍പ്പെടുത്തിയതാണ്.

അങ്ങനെയുള്ള ഒരാളുടെ കലാപത്തിലെ പങ്കിനെക്കുറിച്ച് അന്വഷിക്കണമെന്ന് ആവശ്യപ്പെടുന്നത് പോലും ന്യായമായ കാരണമല്ലെന്ന് കണ്ടെത്തുന്ന വിധിപ്രസ്താവം ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ ആത്മാവിനേറ്റ കനത്ത മുറിവാണ്. ഭരണകൂട ഭീകരതയുടെ ഇരകള്‍ക്കൊപ്പം സംഘപരിവാറിനും മോദിയുടെ ഹിന്ദുത്വ ഫാഷിസ്റ്റ് സര്‍ക്കാരിനുമെതിരേ വിട്ടുവീഴ്ചയില്ലാത്ത ജനാധിപത്യസമരവുമായി രാജ്യത്തെ മതേതര, ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ടുനീങ്ങുക തന്നെ ചെയ്യും.

രാജ്യത്തെ ഒരു സംസ്ഥാനത്ത് ആയിരക്കണക്കിന് പേര്‍ അന്യായമായി വംശഹത്യയ്ക്ക് വിധേയമാവുമ്പോള്‍ അത് കുറ്റകരവും അനാസ്ഥയുമാണെന്ന് ഉറക്കെ വിളിച്ചുപറയുന്നതും അതിന് കൂട്ടുനിന്ന ഭരണാധികാരിയെ ജനാധിപത്യപരമായി വിമര്‍ശിക്കുന്നതും അന്യായ തടങ്കലിന് കാരണമാവുന്നുവെങ്കില്‍ അതിനെതിരേ രാജ്യത്തെ എണ്ണമറ്റ മതേതര, ജനാധിപത്യവിശ്വാസികള്‍ ഒപ്പമുണ്ടാവുമെന്നത് ഭരണകൂടത്തെ ഒര്‍മപ്പെടുത്തുകയാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags: