പുറത്തൂര്‍ തോണി ദുരന്തം: ആശ്രിതര്‍ക്കുള്ള സഹായധനം മന്ത്രിസഭായോഗത്തില്‍

Update: 2022-11-20 13:27 GMT

മലപ്പുറം: പുറത്തൂര്‍ തോണി ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിയന്തര ധനസഹായം അനുവദിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സംഭവത്തെക്കുറിച്ച് മൂന്ന് ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. തോണി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രിമാരുള്‍പ്പടെ ജനപ്രതിനിധികള്‍ ആശ്വസിപ്പിച്ചു.

മന്ത്രി വി അബ്ദുറഹിമാന്‍, എംഎല്‍എമാരായ ഡോ. കെ ടി ജലീല്‍, കുറുക്കോളി മൊയ്തീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, തിരൂര്‍ നഗരസഭ അധ്യക്ഷ എ പി നസീമ, പുറത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ഒ ശ്രീനിവാസന്‍, എഡിഎം എന്‍ എം മെഹറലി, സബ് കലക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, തഹസില്‍ദാര്‍ പി ഉണ്ണി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഭാരതപ്പുഴയില്‍ ഇന്നലെ (നവംബര്‍ 19) ഉച്ചയോടെ കക്കവരാന്‍ പോയ നാല് സ്ത്രീകളുള്‍പ്പെടുന്ന ആറംഗ സംഘമാണ് കരയിലേക്ക് മടങ്ങുന്നതിനിടെ തോണി മുങ്ങി ഒഴുക്കില്‍പ്പെട്ടത്. സംഭവത്തില്‍ നാല് പേരാണ് മരണപ്പെട്ടത്. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം (55), കുഴിയിനി പറമ്പില്‍ അബൂബക്കര്‍ (65), ഈന്തുകാട്ടില്‍ ഹംസയുടെ ഭാര്യ റുഖിയ (60), സഹോദരി വിളക്കത്ര വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരണപ്പെട്ടത്.

രക്ഷപ്പെട്ട ചക്കിട്ടപറമ്പില്‍ ബീപാത്തു (62), കുറുങ്ങാട്ട് റസിയ (40) എന്നിവര്‍ ചികില്‍സയില്‍ തുടരുന്നു. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗങ്ങളായ ഫൈസല്‍ എടശ്ശേരി, ഇ അഫ്‌സല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, നഗരസഭ ഉപാധ്യക്ഷന്‍ പി.രാമന്‍കുട്ടി, ഡെപ്യൂട്ടി കലക്ടര്‍ പി മുരളി, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഇ. ജയന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി കെ കൃഷ്ണദാസ്, അഡ്വ. പി ഹംസക്കുട്ടി, അഷ്‌റഫ് കോക്കൂര്‍, അഡ്വ. പി നസ്‌റുല്ല, ഇബ്രാഹിം മുതൂര്‍, എം അബ്ദുല്ലക്കുട്ടി, അഡ്വ. കെ. ഹംസ എന്നിവരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സന്നിഹിതരായിരുന്നു.

Tags:    

Similar News