പുനര്‍ഗേഹം പദ്ധതി: മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവു ചെയ്തു നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

കേരളത്തിലെ സ്വാഭാവിക വനങ്ങളുടെ പുനസ്ഥാപനത്തിനുള്ള നയരേഖയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

Update: 2021-12-15 12:38 GMT

തിരുവനന്തപുരം: മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനായി ഉദ്ദേശിച്ചുള്ള പുനര്‍ഗേഹം പദ്ധതിയിലെ ഗുണഭോക്താക്കളുടെ പേരില്‍ വീടും വസ്തുവും ഉള്‍പ്പെടെയോ അല്ലെങ്കില്‍ വസ്തുവിന്റെ മാത്രമോ രജിസ്‌ട്രേഷന് ആവശ്യമായി വരുന്ന മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവു ചെയ്തു നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനുണ്ടായത്.

തമിഴ്‌നാട് ഊട്ടിയിലെ കുനൂരില്‍വെച്ചുണ്ടായ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട ജൂനിയര്‍ വാറണ്ട് ഓഫിസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് തൃശ്ശൂര്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ ക്ലാസ് 3 തസ്തികയില്‍ നിമയനം നല്‍കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് സൈനീക ക്ഷേമ വകുപ്പിന് നിര്‍ദ്ദേശം നല്‍കും. യുദ്ധത്തിലോ, യുദ്ധ സമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ ജോലി നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശ ഉത്തരവിലെ നടപടിക്രമങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടാണ് തീരുമാനം.

പ്രദീപിന്റെ അച്ഛന്‍ രാധാകൃഷണന്റെ ചികിത്സയിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു. പ്രദീപിന്റെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ സൈനീക ക്ഷേമ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. മരണമടയുന്ന സൈനീകരുടെ ആശ്രിതര്‍ക്ക് സൈനീക ക്ഷേമ നിധിയില്‍ നിന്നും ധനസഹായം നല്‍കുന്നതിന് നിലവിലുള്ള നിയമത്തില്‍ ഇളവു വരുത്തിക്കൊണ്ടാണ് തീരുമാനം.

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ തൊടുപുഴ വില്ലേജില്‍ 17.50 ആര്‍ (43.242 സെന്റ് ) സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സ്‌പോര്‍ട്ട് ആയുര്‍വേദ റിസര്‍ച്ച് സെല്‍ യൂനിറ്റ് സ്ഥാപിക്കുന്നതിനായി ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ട് നിബന്ധനകളോടെ ഭാരതീയ ചികിത്സ വകുപ്പിന് ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്കനുസൃതമായി ഉപയോഗാനുമതി നല്‍കാന്‍ തീരുമാനിച്ചു.

കൊവിഡ് മൂലം മരണപ്പെട്ട റേഷന്‍ കട വ്യാപാരികളുടെ അനന്തരാവകാശികളെ റേഷന്‍ കട ലൈസന്‍സിയായി നാമനിര്‍ദ്ദേശം ചെയ്യുന്നതിന് കേരള ടാര്‍ജെറ്റഡ് പബ്ലിക്ക് ഡിസ്ട്രിബ്യൂഷന്‍ (കണ്‍ട്രോള്‍) ഓര്‍ഡര്‍ 2021 പ്രകാരം വിദ്യാഭ്യാസ യോഗ്യത സോള്‍വെന്‍സി തുക എന്നിവയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ യോഗ്യത 10ാം ക്ലാസ് പാസാകണമെന്നില്ലയെന്നും സോള്‍വെന്‍സി തുക 10,000 രൂപയായും തീരുമാനിച്ചു.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി വില്ലേജില്‍ ഫെയര്‍ലാന്റ് കോളനിയിലെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിച്ച ഉത്തരവില്‍ നിബന്ധനകളോടെ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

ഇതനുസരിച്ച് സര്‍ക്കാര്‍ അംഗീകരിച്ച 197 പേരടങ്ങുന്ന ലിസ്റ്റില്‍ വില്‍പന കരാര്‍ വഴിയല്ലാതെ ഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം അനുവദിക്കാന്‍ നടപടി ആരംഭിക്കും. വില്‍പനകരാറിലൂടെ ഭൂമി കൈവശപ്പെടുത്തിയവരുടെ വിഷയം ജില്ലാ കലക്ടറുടെ വിശദമായ റിപ്പോര്‍ട്ടിനു ശേഷം പിന്നീട് പരിഗണിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരുടെ കാര്യത്തില്‍ കമ്പോള വില ഇടാക്കി മാത്രമെ ഭൂമി പതിച്ചു നല്‍കുകയുള്ളു.

പതിവ് അപേക്ഷകളില്‍ പട്ടയം അനുവദിക്കുന്നത് 1995 ലെ കേരള മുന്‍സിപ്പാലിറ്റി കോര്‍പറേഷന്‍ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍ പാലിച്ചായിരിക്കും.

കണ്ണൂര്‍ ജില്ലയിലെ അയ്യന്‍കുന്ന് വില്ലേജിലെ വളപട്ടണം നദീതടത്തില്‍ കണ്ടെത്തിയ 350 കിലോ വാട്ട് എഴാം കടവ് സുക്ഷമ ജലവൈദ്യുത പദ്ധതി നിബന്ധനകള്‍ക്ക് വിധേയമായി സുയിസെ എനര്‍ജി െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുവദിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സംഭരണങ്ങളില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് വില മുന്‍ഗണനയുടെയും വാങ്ങല്‍ മുന്‍ഗണനയുടെയും കാര്യത്തില്‍ എംഎസ്എംഇ പൊതുമേഖല സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന 50 ശതമാനം ഓര്‍ഡറില്‍ ഏറ്റവും കുറഞ്ഞത് പകുതിയെങ്കിലും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി മാറ്റിവെയ്ക്കും. അതിന്റെ അടിസ്ഥാനത്തില്‍ ആകെ സംഭരണത്തിന്റെ ഏറ്റവും കുറഞ്ഞത് 25 ശതമാനമെങ്കില്‍ സംസ്ഥാന പൊതുമേഖലാ സ്ഥപാനങ്ങള്‍ക്കായി നീക്കിവയ്ക്കും. ഈ മുന്‍ഗണനകള്‍ കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉല്‍പനങ്ങള്‍ക്ക് മാത്രമെ ബാധകമാവുകയുള്ളു. മാത്രമല്ല കേന്ദ്ര സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംഎസ്എംഇ കള്‍ക്ക് മാത്രമെ ഈ വില മുന്‍ഗണനകളും വാങ്ങല്‍ മുന്‍ഗണകളും ബാധകമാവുകയുള്ളു.

കേരളത്തിലെ സ്വാഭാവിക വനങ്ങളുടെ പുനസ്ഥാപനത്തിനുള്ള നയരേഖയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

Tags:    

Similar News