മുന്നാക്ക സംവരണത്തിനെതിരേ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി

Update: 2020-11-04 15:31 GMT

എറണാകുളം: സംസ്ഥാനത്ത് വിവിധ മേഖലകളില്‍ നടപ്പാക്കപ്പെട്ട മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി കെ നുജൈം ആണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സാമ്പത്തിക സംവരണത്തെ അംഗീകരിച്ചാല്‍ പോലും കേരളത്തിലെ ജനസംഖ്യപ്രകാരം 10 ശതമാനം മുന്നാക്ക സംവരണം കേരളത്തില്‍ അനുവദിക്കുക എന്നത് തികച്ചും അനീതിയാണെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നാക്ക സമുദായ ജനസംഖ്യ വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

    യാതൊരുവിധ പഠനമോ വ്യക്തമായ കണക്കുകളോ ഇല്ലാതെയാണ് എല്ലാ മേഖലകളിലും ഒരുപോലെ 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ നിലവില്‍ വിദ്യാഭ്യാസ മേഖലയില്‍ അനുവദിക്കപ്പെട്ട 10 ശതമാനം സീറ്റുകള്‍ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളത്. ഇത് എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള അവസരങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. സാമൂഹിക പിന്നാക്കാവസ്ഥയാണ് സംവരണത്തിനുള്ള മാനദണ്ഡമായി ഭരണഘടന സ്വീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച സുപ്രിം കോടതി വിധിയും നിലവിലുണ്ട്. അതേസമയം സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ നാളെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കും.

Public interest litigation in the High Court against forward reservation





Tags:    

Similar News