പടയപ്പയെ പ്രകോപിപ്പിച്ച സംഭവം; ജീപ്പ് വനം വകുപ്പ് കസ്റ്റഡിയിലെടുത്തു

Update: 2023-01-19 06:18 GMT

ഇടുക്കി: മൂന്നാറില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പ എന്ന കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. മൂന്നാര്‍ കടലാര്‍ എസ്‌റ്റേറ്റ് സ്വദേശി ദാസിന്റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും പിടികൂടാനായിട്ടില്ല. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. നേരത്തെ, ടൂറിസത്തിന്റെ മറവില്‍ പലരും പടയപ്പയെ പ്രകോപിപ്പിക്കുന്നതായി വനം വകുപ്പ് കണ്ടെത്തിയിരുന്നു.

പടയപ്പയെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നാറില്‍ മാട്ടുപ്പെട്ടിയിലും പരിസരത്തും ഇറങ്ങാറുള്ള പടയപ്പ സാധാരണയായി പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞ നവംബര്‍ മുതല്‍ ആന അക്രമകാരിയായി. ആനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ചിലര്‍ പെരുമാറിയതാണ് കാരണം. അന്നുതന്നെ ആനയെ വനത്തിലേക്ക് തുരത്തിയശേഷം വനംവകുപ്പ് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

Tags:    

Similar News