സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് കൈയേറി പന്തല്‍കെട്ടി സമരാനുകൂലികള്‍

Update: 2019-01-08 09:18 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ എംജി റോഡ് കൈയേറി ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്തസമര സമിതി. സമരസമിതിയുടെ നേതൃത്വത്തില്‍ റോഡിന്റെ മുക്കാല്‍ ഭാഗത്തോളം പന്തല്‍ കെട്ടിയാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ എംജി റോഡുവഴിയുള്ള റോഡ് ഗതാഗതം താറുമാറായി. ഒരുവശത്തുകൂടി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും സമരത്തില്‍ പങ്കെടുക്കാനെത്തിയവരുടെ തിരക്കുകാരണം സുഗമമായ ഗതാഗതം സാധ്യമായിട്ടില്ല. ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുപോലും കടന്നുപോകാനാവാത്ത വിധമായിരുന്നു പ്രതിഷേധം. സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിടി റോഡും കൈയേറി കയര്‍കെട്ടി സമരക്കാര്‍ ഗതാഗതം തടഞ്ഞിട്ടുണ്ട്. പണിമുടക്കില്‍ വാഹനങ്ങള്‍ തടയില്ലെന്ന് നേതാക്കളുടെ വാഗ്ദാനം പൊള്ളയായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. സമരപരിപാടിക്കെത്തുന്നവര്‍ക്ക് ഭക്ഷണം പാകംചെയ്ത് വിളമ്പുന്നതും നടുറോഡിലാണ്.

എംജി റോഡില്‍ കുരുക്ക് രൂക്ഷമായതോടെ പോലിസ് ഇടപെട്ടാണ് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടത്. പാതയോരത്ത് പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്‍പിച്ചാണ് ഭരണകക്ഷിയില്‍പ്പെട്ടവര്‍ ഉള്‍പ്പടെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞിരിക്കുന്നത്. എല്‍ഡിഎഫിന്റെ പ്രധാന നേതാക്കളാണ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. പണിമുടക്ക് കഴിയുന്നതോടെ മാത്രമേ സമരപ്പന്തലും അഴിച്ചുമാറ്റുകയുള്ളൂ. ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് നിയമലംഘനം തുടരുന്നത്.




Tags:    

Similar News