പൗരത്വ ഭേദഗതി ബില്ല്: അസമില്‍ ആര്‍എസ്എസ് ഓഫിസിനു നേരെ ആക്രമണം

നഗരത്തില്‍ സുരക്ഷാസേനയുടെ ഫ്‌ലാഗ് മാര്‍ച്ച് കഴിഞ്ഞ് തൊട്ടു പിന്നാലെയാണ് ആര്‍എസ്എസ് ഓഫിസിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചെത്തിയത്. അവര്‍ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീകൊളുത്തി.

Update: 2019-12-12 09:15 GMT

ഗുവാഹത്തി: അസമിലെ ദുബ്രുഗറില്‍ പൗരത്വ ഭേദഗതി ബില്ല് വിരുദ്ധ പ്രക്ഷോഭകര്‍ ആര്‍എസ്എസ് ഓഫിസ് ആക്രമിച്ചു. നഗരത്തില്‍ സുരക്ഷാസേനയുടെ ഫ്‌ലാഗ് മാര്‍ച്ച് കഴിഞ്ഞ് തൊട്ടു പിന്നാലെയാണ് ആര്‍എസ്എസ് ഓഫിസിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചെത്തിയത്. അവര്‍ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീകൊളുത്തി.

കഴിഞ്ഞ ദിവസം സമരക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ കല്ലെറിഞ്ഞിരുന്നു. കേന്ദ്ര സഹമന്ത്രി രാമേശ്വര്‍ തേലിയുടെ ഓഫിസ് ഉപരോധിക്കുകയും ചെയ്തു.

ഗുവാഹത്തിയാണ് നിലവില്‍ പ്രക്ഷോഭത്തിന്റെ കേന്ദ്രം. തലസ്ഥാന നഗരിയില്‍ കൂടുതല്‍ പേര്‍ പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നതോടെ പോലിസ് വെടിവച്ചു. വെടിവെയ്പ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. 

ജനങ്ങള്‍ ബില്ലിനെ കുറിച്ചുള്ള തെറ്റിദ്ധാരണയിലാണെന്നും അത് മാറ്റിയെടുക്കണമെന്നും ഗുവാഹത്തി എംപി ക്യൂന്‍ ഒജ പറഞ്ഞു.

ഗുവാഹത്തിയില്‍ ബുധനാഴ്ച മുതല്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. ഇന്ന് കര്‍ഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടുകയും ചെയ്തു. ഇന്റര്‍നെറ്റ്, മൊബൈല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. അസമിലെ പത്ത് ജില്ലകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

Tags:    

Similar News