മാള സബ് ട്രഷറി മാറ്റാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം

ട്രഷറി മാളയില്‍ നിലനിര്‍ത്തുന്നതിന് ക്രിയാത്മക നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൊണ്ട് മാള ഗ്രാമപ്പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.

Update: 2020-07-07 13:33 GMT

മാള: സബ് ട്രഷറി മാളയില്‍ നിന്നും അന്നമനടയിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സമീപ ഗ്രാമപഞ്ചായത്തുകാര്‍ക്ക് എളുപ്പം വന്നെത്താന്‍ സാധിക്കുന്നത് മാളയിലേക്കാണ്. വയോജനങ്ങളായ പെന്‍ഷന്‍കാര്‍ക്കും ഭിന്നശേഷികാര്‍ക്കും ഏറെ പ്രയോജനകരമായ ട്രഷറി ഈ കൊവിഡ് കാലത്ത് ഗൂഢനീക്കത്തിലൂടെ അന്നമനടയിലേക്ക് മാറ്റുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പകരം സംവിധാനത്തിന് മാള ഗ്രാമപ്പഞ്ചായത്തിന്റെ വികാസ് ഭവനില്‍ സൗജന്യമായി കെട്ടിടം അനുവദിക്കാന്‍ തയ്യാറാണെന്ന് അധികൃതരെ അറിയിച്ചിട്ടും എംഎല്‍എ ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

ട്രഷറി മാളയില്‍ നിലനിര്‍ത്തുന്നതിന് ക്രിയാത്മക നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൊണ്ട് മാള ഗ്രാമപ്പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ എറണാകുളം ഡി സി സി വൈസ് പ്രസിഡന്റ് എം ടി ജയന്‍ ഉദ്ഘാടനം ചെയ്തു. ടി കെ ജിനേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വര്‍ഗ്ഗീസ് വടക്കന്‍, ജൂലി ബെന്നി, സ്മിത ഫ്രാന്‍സിസ്, പെന്‍ഷനേഴ്‌സ് യൂണിയന്‍ നേതാവ് ജോയ് മണ്ടകത്ത് മാസ്റ്റര്‍, വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് പി ടി പാപ്പച്ചന്‍, റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ കെ കെ തോമസ് മാസ്റ്റര്‍, കോണ്‍ഗ്രസ് നേതാക്കളായ വിത്സന്‍ കാഞ്ഞൂത്തറ, പോള്‍ പാറയില്‍ സംസാരിച്ചു.

Tags:    

Similar News