കൊവിഡ് 19 മൂലം രാജ്യം നട്ടം തിരിയുമ്പോഴും ഇന്ധനവില വര്‍ധിപ്പിച്ചത് പ്രതിഷേധാര്‍ഹമെന്ന് കേരള യുവജനപക്ഷം

ഡീസലിന്റെയും പെട്രോളിന്റെയും എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഷൈലോക്കിന് സമാനമാണെണ് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസ്സന്‍

Update: 2020-03-16 15:04 GMT

മാള: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ബാരലിന് 33 ഡോളര്‍ ആയി കുറഞ്ഞപ്പോള്‍ ഇന്ത്യാ രാജ്യത്ത് ഡീസലിന്റെയും പെട്രോളിന്റെയും എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഷൈലോക്കിന് സമാനമാണെണ് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസ്സന്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ രാജ്യത്തും പെട്രോള്‍- ഡീസല്‍ വില കുറച്ചപ്പോള്‍ എട്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ എക്‌സൈസ് നികുതി ചുമത്തി അമ്പതിനായിരം കോടിയിലേറെ രൂപ സമാഹരിച്ച് ധൂര്‍ത്ത് നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യാ രാജ്യത്തെ ജനങ്ങളോട് ഷൈലോക്കിനെ പോലെയാണ് പെരുമാറുന്നത്. വര്‍ദ്ധിപ്പിച്ച പെട്രോള്‍ ഡീസല്‍ നികുതിയില്‍ നിന്ന് കിട്ടുന്ന അധിക നികുതി വേണ്ടെന്നു വെയ്ക്കാന്‍ കേരള സര്‍ക്കാരും തയ്യാറാകണം- അദ്ദേഹം പറഞ്ഞു.

രാജ്യം ഭരിക്കുന്നവര്‍ക്ക് ജനങ്ങളോട് പ്രതിബദ്ധത ഇല്ലെന്നുള്ളതിന്റെ തെളിവാണ് ലോകം മുഴുവന്‍ കൊവിഡ് ബാധയുടെ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അധിക ഭാരം കയറ്റിവെച്ച് ജനങ്ങളെ പിച്ചിചീന്തുന്നത്. ഇത് കടുത്ത അനീതിയാണെന്നും ഇതിനെതിരെ വമ്പിച്ച പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷൈജോ ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ മുഴുവന്‍ കൊവിഡ് ഭീതിയിലായതുകൊണ്ട് ഇതിനെതിരെ പ്രതികരിക്കില്ല എന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് തികച്ചും ദുഃഖകരമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ നികുതികള്‍ വളരെ കൂടുതലായതിനാലാണ് വില ആനുപാതികമായി കുറയാത്തത്. ആഗോള തലത്തില്‍ ക്രൂഡോയിലിനുണ്ടായ വിലക്കുറവ് ജനങ്ങള്‍ക്ക് നല്‍കാതെ ഖജനാവ് വീര്‍പ്പിച്ച് ഷൈലോക്ക് ഭരണം നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് 19ഉം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും വ്യവസായ മേഖലയുടെ തകര്‍ച്ചയുമെല്ലാം ജനജീവിതം അതീവ ദുസ്സഹമാക്കിയിരിക്കുകയാണ്. ഇതിനെതിരേ ജനങ്ങളില്‍ നിന്നും വന്‍ പ്രതിഷേധമുണ്ടാവുമെന്നും ഷൈജോ ഹസ്സന്‍ പറഞ്ഞു. 

Tags:    

Similar News