മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസ്

Update: 2022-06-14 02:53 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് പോലിസ് കേസെടുത്തു. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താനായിരുന്നു വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ ശ്രമിച്ചതെന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിന്റെ മൊഴിയുടെയും ഇന്‍ഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് വലിയതുറ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍, യൂത്ത് കോണ്‍ മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്ത് അടക്കമുള്ളവര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. വിമാനത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്ന് റിമാന്‍ഡ് ചെയ്യും. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരെയാണ് ഇന്നലെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ നിന്ന് ഇ പി ജയരാജന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പോലിസ് സമ്മര്‍ദം ചെലുത്തിയെന്ന് പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഇരുവരും മെഡിക്കല്‍ കോളജില്‍ തുടരുകയാണ്. അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് ഇ പി ജയരാജനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പരാതി നല്‍കും. അതേസമയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് പരാതി നല്‍കുന്നതടക്കം സംഭവത്തില്‍ കൂടുതല്‍ നിയമ നടപടിക്കൊരുങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഓഫിസ്.

Tags: