ബംഗ്ലാദേശിലെ ആക്രമണത്തിനെതിരേ പ്രതിഷേധം; ത്രിപുരയില്‍ ഹിന്ദുത്വരും പോലിസും ഏറ്റുമുട്ടി; 15 പേര്‍ക്ക് പരിക്ക്

Update: 2021-10-22 08:28 GMT

ഉദയ്പൂര്‍: ബംഗ്ലാദേശിലെ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിക്കാനൊരുങ്ങിയ ത്രിപുരയിലെ ഹിന്ദുത്വ സംഘടനകളും പോലിസും ഏറ്റുമുട്ടി. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. അതില്‍ മൂന്ന് പേര്‍ പോലിസുകാരാണ്.

ബംഗ്ലാദേശില്‍ ഏതാനും ദിവസം മുമ്പ് ദുര്‍ഗാ പൂജക്കിടയിലാണ് ഹിന്ദുമത വിശ്വാസികള്‍ക്കെതിരേ ആക്രമണം നടന്നത്. ഇതിനെതിരേ വിശ്വഹിന്ദു പരിഷത്ത് അടക്കം ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധപ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാവുമെന്ന് ഭയന്ന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകരാണ് പ്രകടനത്തിന് മുന്‍കൈ എടുത്തത്. സമാനമായ പ്രതിഷേധങ്ങള്‍ അഗര്‍ത്തലയിലും ധര്‍മനഗറിലും തീരുമാനിച്ചിരുന്നു. അതിനും അനുമതി നിഷേധിച്ചു. പ്രകോപിതരായ ഹിന്ദുത്വ സംഘടനകള്‍ പോലിസിനെ ആക്രമിച്ചു. കല്ലേറുണ്ടായി. മൂന്ന് പോലിസുകാര്‍ക്ക് പരിക്കേറ്റു.

സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലിസ് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതിഷേധക്കാര്‍ മുസ് ലിം വീടുകളും സ്ഥാപനങ്ങളും ആക്രമിച്ചതായുള്ള സ്ഥിരീകരിക്കാത്ത റിപോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

Tags: