വിവാദങ്ങള്‍ക്കിടെ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി നിയമനം

Update: 2022-06-27 14:43 GMT

കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ നിയമിച്ചു. വിമര്‍ശനങ്ങളെത്തുടര്‍ന്ന് മാസങ്ങളായി പൂഴ്ത്തിവച്ചിരുന്ന റാങ്ക് ലിസ്റ്റ് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് അംഗീകരിച്ചത്. പ്രിയയെ മതിയായ യോഗ്യതയില്ലാതെയാണ് തിരഞ്ഞെടുത്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രിയയ്ക്ക് അനുകൂലമായ നിയമോപദേശം വാങ്ങിയ ശേഷമാണ് നിയമനം. പ്രിയയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രാഥമിക യോഗ്യതയില്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നതോടെയാണ് നിയമനം വിവാദമായത്.

യുജിസി ചട്ടപ്രകാരം അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് പിഎച്ച്ഡിയും എട്ടുവര്‍ഷത്തെ അധ്യാപന പരിചയവും വേണമെന്നിരിക്കെ, പ്രിയയ്ക്ക് പിഎച്ച്ഡി നേടിയശേഷം ഒരുമാസത്തെ അധ്യാപന പരിചയം മാത്രമാണുള്ളതെന്നു സേവ് യൂനിവേഴ്‌സിറ്റി കാംപെയിന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

2012 ല്‍ തൃശൂര്‍, കേരളവര്‍മ കോളജില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച പ്രിയാ വര്‍ഗീസ് സര്‍വീസിലിരിക്കെ മൂന്ന് വര്‍ഷത്തെ അവധിയില്‍ ഗവേഷണം നടത്തിയാണ് പിഎച്ച്ഡി ബിരുദം നേടിയത്. 2018 ലെ യുജിസി നിയമം 3 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍, നിയമനങ്ങള്‍ക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. അപ്പോള്‍ പ്രയാ വര്‍ഗിസീന്റെ ആകെ അധ്യാപന പരിചയം നാലുവര്‍ഷം മാത്രമാണെന്ന് വ്യക്തം. അതേസമയം, വിസി നിയമനത്തിനുളള പ്രത്യുപകാരമാണ് പ്രിയയുടെ നിയമനമെന്ന് സെനറ്റ് അംഗം ഡോ. ആര്‍ കെ ബിജു കുറ്റപ്പെടുത്തി.

Tags:    

Similar News