ലഖിപൂര്‍ ഖേരി സംഭവത്തില്‍ 'വായ തുറന്ന്' പ്രധാനമന്ത്രി നരേന്ദ്ര മോദി

Update: 2022-02-10 02:48 GMT

ന്യൂഡല്‍ഹി; കേന്ദ്ര മന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ പ്രതിയായ ലഖിപൂര്‍ ഖേരി സംഭവത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ലഖിംപൂര്‍ഖേരി സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തുവന്നത്.

മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതില്‍ ഏറെ പിന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

'ഏത് കമ്മിറ്റിയെക്കൊണ്ട് വേണമെങ്കിലും അന്വേഷിക്കാനുള്ള സമ്മതം സുപ്രിംകോടതിക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഏത് ജഡ്ജിയെയും തീരുമാനിക്കാം. സംസ്ഥാനസര്‍ക്കാര്‍ സുതാര്യതയോടെയാണ് പ്രവര്‍ത്തിക്കുന്നത്'- പ്രധാനമന്ത്രി പറഞ്ഞു.

ലഖിംപൂര്‍ ഖേരിയില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു മുകളിലൂടെ എസ് യുവി ഓടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്ര പ്രതിയാണ്. കര്‍ഷകരെ കൊലപ്പെടുത്തിയ വാഹനം ഓടിച്ചിരുന്നത് ആഷിഷ് മിശ്രയാണെന്നാണ് കരുതപ്പെടുന്നത്.

കര്‍ഷകര്‍ക്കുവേണ്ടിയാണ് കാര്‍ഷിക നിയമം കൊണ്ടുവന്നതെന്ന് മോദി പറഞ്ഞു.

അഭിമുഖത്തില്‍ സമാജ് വാദി പാര്‍ട്ടിയെ പ്രധാനമന്ത്രി കടുത്ത രീതിയില്‍ വിമര്‍ശിച്ചു.

ഇന്ത്യാ-ചൈന വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച രാഹുലിനെയും പ്രധാനമന്ത്രി ആക്രമിച്ചു. സഭയിലില്ലാത്ത ഒരാള്‍ക്ക് എങ്ങനെ മറുപടി കൊടുക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.

Tags: