ഉഭയകക്ഷി ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Update: 2021-06-20 09:02 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ അഭിനന്ദിച്ചു. ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പുതിയ പ്രസിഡന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവുമെന്നം പ്രധാനമന്ത്രി ഇറാന്‍ പ്രസിഡന്റിന് അഭിസംബോധന ചെയ്‌തെഴുതിയ ട്വീറ്റില്‍ പറഞ്ഞു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇസ് ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ പ്രസിഡന്റ് ഹിസ് എക്‌സലന്‍സി ഇബ്രാഹിം റാസിയെ അഭിനന്ദിക്കുന്നു. ഇന്ത്യയും ഇറാനും തമ്മിലുളള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു- മോദിയുടെ ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പുതിയ പ്രസിഡന്റായി ഇബ്രാഹിം റെയ്‌സിയെ തിരഞ്ഞെടുത്ത വിവരം ഇറാന്‍ ആഭ്യന്തര മന്ത്രി അറിയിച്ചത്. ഇറാനിന്റെ എട്ടാമത്തെ പ്രസിഡന്റ് ആണ് റെയ്‌സി.

ഹസ്സന്‍ രോഹാനി ആഗസ്റ്റിലാണ് സ്ഥാനമൊഴിയുക. ആ സ്ഥാനത്തേക്കാണ് ഇബ്രാഹിം റെയ്‌സിയെ പരിഗണിക്കുന്നത്. ഒരാള്‍ക്ക് തുടര്‍ച്ചയായി മൂന്ന് തവണ പ്രസിഡന്റാവാന്‍ ഭരണഘടന അനുവദിക്കുന്നില്ല.

റെയ്‌സി 61.95 ശതമാനം വോട്ടാണ് നേടിയത്. ഇത്തവണ 48.8 ശതമാനം വോട്ടാണ് ഫോള്‍ ചെയ്തത്. 1979 ലെ ഇറാന്‍ വിപ്ലവത്തിനുശേഷം ഇത്ര കുറവ് പോളിങ് ഉണ്ടാവുന്നത് ഇതാദ്യമാണ്.

Tags:    

Similar News