ന്യൂഡല്‍ഹി: പാകിസ്താനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു പിന്നാലെ സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് ലൈബ്രറികെട്ടിടത്തിലെ ജി -074ല്‍ വച്ച് വ്യാഴാഴ്ച 11 മണിക്കാണ് യോഗം. ഇക്കാര്യം കിരണ്‍ റിജിജു എക്‌സിലൂടെ പങ്കു വെച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതര രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ഓണ്‍ലൈനായായിരുന്നു യോഗം.
ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, സിക്കിം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഡിജിപി, കാബിനറ്റ് സെക്രട്ടറിമാര്‍ അടക്കമുള്ളവരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഉന്നതതല യോഗം.