മതവിദ്വേഷത്തിന്റെ വാഹകരായി പുരോഹിതര്‍ അധപതിക്കരുത്: പി അബ്ദുല്‍ മജീദ് ഫൈസി

ഫാഷിസ്റ്റ് തേര്‍വാഴ്ചയില്‍ രാജ്യം പകച്ചു നില്‍ക്കുമ്പോള്‍ ന്യൂനപക്ഷ സമൂഹം അതിനെതിരേ ഒരുമിച്ചു നില്‍ക്കേണ്ടതിനു പകരം പരസ്പരം പോരടിക്കുന്നത് ആത്മഹത്യാപരമാണ്.

Update: 2021-09-11 12:45 GMT
മതവിദ്വേഷത്തിന്റെ വാഹകരായി പുരോഹിതര്‍ അധപതിക്കരുത്: പി അബ്ദുല്‍ മജീദ് ഫൈസി

തൃശൂര്‍: മതസൗഹാര്‍ദ്ദത്തിന്റെ വക്താക്കളാകേണ്ട മതപുരോഹിതര്‍ മതവിദ്വേഷത്തിന്റെ വാഹകരായി മാറുന്നതും, വര്‍ഗ്ഗീയത വളര്‍ത്തുന്ന പ്രസ്താവനകളോട് ഇടത് സര്‍ക്കാര്‍ മൗനം നടിക്കുന്നതും അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഫാഷിസ്റ്റ് തേര്‍വാഴ്ചയില്‍ രാജ്യം പകച്ചു നില്‍ക്കുമ്പോള്‍ ന്യൂനപക്ഷ സമൂഹം അതിനെതിരേ ഒരുമിച്ചു നില്‍ക്കേണ്ടതിനു പകരം പരസ്പരം പോരടിക്കുന്നത് ആത്മഹത്യാപരമാണ്. ധാര്‍മികച്യുതി എല്ലാ മേഖലയെയും ചൂഴ്ന്നു നില്‍ക്കുകയാണ്. അതില്‍ മതം കാണുന്നത് അല്‍പ്പത്തരമാണ്. മതമേധാവിയുടെ പ്രസ്താവന വ്യക്തിപരമാണെന്നു കരുതാനാവില്ല. അത് ആര്‍എസ്എസ്സിനെ തൃപ്തിപ്പെടുത്തി ഭൂമി കുംഭകോണം, ലൈംഗീകാരോപണം, കൊലപാതകം ഉള്‍പ്പെടെ പല നിര്‍ണായക കേസുകളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു ന്യായമായും സംശയിക്കേണ്ടി വരും.


സ്വന്തം സഭാ വിശ്വാസികളുടെ തെറ്റിനെ മറ്റുള്ളവരുടെ മേല്‍ ചാര്‍ത്തി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് വിശ്വാസികളെ അവഹേളിക്കലാണ്. കേരളത്തില്‍ കന്യാസ്ത്രീകളുടെ ദുരൂഹ മരണങ്ങളും ആത്മഹത്യകളും അന്വേഷണ വിധേയമാക്കാന്‍ ശ്രമിച്ചാല്‍ അത് പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴുമെന്ന യാഥാര്‍ത്ഥ്യം മറക്കരുത്. പരസ്പരം ചെളി വാരിയെറിയാനും അന്യമത വിദ്വേഷം പടര്‍ത്തി സമാധാനാന്തരീക്ഷം തകര്‍ത്ത് കേരളത്തെ സംഘര്‍ഷ ഭരിതമാക്കാനും ശ്രമിക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. പാലാ ബിഷപ് വിദ്വേഷ പ്രസംഗം പിന്‍വലിച്ച് മാപ്പു പറയണം. മാത്രമല്ല, ഇത്തരം വിദ്വേഷ പ്രസംഗങ്ങളെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു




Tags:    

Similar News