രാജ്യത്തെ വിദ്വേഷ പ്രചാരണങ്ങള്‍ക്കും നടപടികള്‍ക്കും തടയിടുക; പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും അഭ്യര്‍ത്ഥന പുറപ്പെടുവിച്ച് ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനകള്‍

Update: 2022-01-19 17:40 GMT

ന്യൂഡല്‍ഹി: രാജ്യത്ത് മുസ് ലിം സ്ത്രീകള്‍ക്കെതിരേ നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ക്ക് തടയിടാന്‍ ആവശ്യപ്പെട്ട് ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. സുള്ളി ഡീലിന്റെയും ബുള്ളി ബായുടെയും സാഹചര്യത്തിലാണ് കത്തെഴുതിയത്. സത്രീകളെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ് ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരണങ്ങളെന്ന് കത്തില്‍ പറയുന്നു . 

വിവിധ ഇടങ്ങളില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇന്ത്യയിലെ സ്ത്രീകള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഒരിക്കലും സുരക്ഷിതരല്ലെന്നും, ശാരീരിക ഉപദ്രവം, ലൈംഗികാതിക്രമം, അന്തസ്സും അവകാശങ്ങളും പൂര്‍ണ്ണമായി ലംഘിക്കല്‍ എന്നിവയും വ്യാപകമാണെന്നും കത്തില്‍ ഊന്നിപ്പറയുന്നു. രാഷ്ട്രീയനേതാക്കള്‍ ഇതൊന്നും കണ്ടതായി നടിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

സ്ത്രീകള്‍, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍, ദളിത് സ്ത്രീകള്‍, പെണ്‍കുട്ടികള്‍ എന്നിവരുടെ വിവിധ മേഖലയിലെ പങ്കാളിത്തം കുറഞ്ഞുവരികയാണെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ്, ആനന്ദ്, ഐഐടി മുംബൈ, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍, മിറാന്‍ഡ ഹൗസ്, ലേഡി ശ്രീറാം കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനകളാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

Tags:    

Similar News