കൊവിഡ് 19: സംസ്ഥാനത്തേക്ക് ഒളിച്ചുകടക്കുന്നത് നിയമവിരുദ്ധമെന്ന് ഗോവ മുഖ്യമന്ത്രി; സഹായിക്കുന്നവര്‍ക്കെതിരേയും നടപടി

Update: 2020-05-11 15:43 GMT

പനാജി: അതിര്‍ത്തിഗ്രാമങ്ങളിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ സംസ്ഥാനത്തേക്ക് ഒളിച്ചുകടക്കുന്നവര്‍ക്കെതിരേ കടുത്തനടപടിയെന്ന് ഗോവ മുഖ്യമന്ത്രി. കൊവിഡ് 19 ഇല്ലെന്ന സര്‍ട്ടിഫിക്കറ്റില്ലാതെ സംസ്ഥാനത്തെത്തുന്നവര്‍ക്കെതിരേ ദേശീയ ദുരന്തനിവാരണ നിമയമനുസരിച്ച് കേസെടുക്കുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു. സഹായിച്ചവര്‍ക്കെതിരേയും കേസെടുക്കും.

''അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ പണം വാങ്ങിയും അല്ലാതെയും തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നുവെന്ന് വിവരം കിട്ടിയിട്ടുണ്ട്. ഇങ്ങനെ മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവും''- മന്ത്രി മുന്നറിയിപ്പ് നല്‍കി. പലരും 500 മുതല്‍ 1000 രൂപ വരെ വാങ്ങിയാണ് ആളുകളെ നാട്ടിലെത്തിക്കുന്നതെന്നും സാവന്ത് പറഞ്ഞു.

സംസ്ഥാനത്ത് എത്തുന്ന ആരെയും പുറത്തുവിടണമെങ്കില്‍ അവര്‍ക്ക് കൊവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണം. അതിനുള്ള ടെസ്റ്റുകള്‍ നടത്തിയവരെ മാത്രമേ പോകാന്‍ അനുവദിക്കൂ- അദ്ദേഹം പറഞ്ഞു.

ടെസ്റ്റ് നടത്താത്ത ആരെയും ഗോവയിലേക്ക് കടത്തുകയില്ല. അത് ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരേ കടുത്ത നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താരതമ്യേന കൊവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഗോവ. 

Tags:    

Similar News