പിപിഇ കിറ്റ് അഴിമതി; കെ കെ ശൈലജക്കെതിരായ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Update: 2022-12-08 08:25 GMT

തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ലോകായുക്ത നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം തുടരാമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ആരോഗ്യസെക്രട്ടറി രാജന്‍ കോബ്രഗഡെ അടക്കമുള്ളവര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.

കെ കെ ശൈലജ അടക്കമുള്ളവര്‍ രണ്ടാഴ്ചയ്ക്കകം ലോകായുക്തയ്ക്ക് വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 500 രൂപ വിലയുള്ള പിപിഇ കിറ്റുകള്‍ വാങ്ങിയത് മൂന്നിരട്ടി ഉയര്‍ന്ന നിരക്കിലാണെന്ന് ആരോപിച്ചുള്ള പരാതിയിലാണ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചത്. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

കെ കെ ശൈലജ, ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ ഉള്‍പ്പടെ 11 പേര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായരാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. അഴിമതി, ക്രമക്കേടുകള്‍ ആരോപിച്ചുള്ള പരാതിയില്‍ അന്വേഷണം നടത്താന്‍ ലോകയുക്തയ്ക്ക് അധികാരമുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദുരന്തങ്ങള്‍ അഴിമതിക്ക് മറയാക്കരുതെന്ന് ഹരജി പരിഗണിക്കവെ കോടതി താക്കീത് നല്‍കിയിരുന്നു.

Tags: