മനേകാ ഗാന്ധിയുടെ വിദ്വേഷ പ്രസ്താവനക്കെതിരേ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കണമെന്നാഹ്വാനം ചെയ്ത് പോപുലര്‍ ഫ്രണ്ട്

Update: 2020-06-05 09:25 GMT

മലപ്പുറം: മലപ്പുറം ജില്ലക്കെതിരേ മനേകാ ഗാന്ധി നടത്തിയ പ്രസ്താവന വിദ്വേഷജനകവും വസ്തുതാ വിരുദ്ധവുമാണെന്ന് പോപുലര്‍ ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡണ്ട് പി അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്ന സവിശേഷമായ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനും അതുവഴി കലാപങ്ങള്‍ ഉണ്ടാക്കാനുമുള്ള സംഘ്പരിവാര്‍ സംഘടനകളുടെ ആസൂത്രിതമായ ശ്രമമാണ് ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് കാലങ്ങളായി സംഘ്പരിവാര്‍ ശക്തികളും ഉത്തരേന്ത്യന്‍ ലോബികളും മലപ്പുറം ജില്ലയെ അപകരീര്‍ത്തിപ്പെടുത്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളുടെ പിന്തുടര്‍ച്ചയാണ്. ഇത്തരം കുത്സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്നും, ജാതി-മത- കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറം ജില്ലക്ക് പുറത്ത് നടന്ന സംഭവമായിട്ടും ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തി പ്രസ്താവന നടത്തിയ മനേക ഗാന്ധിക്കെതിരേ കേസെടുക്കണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് വനപ്രദേശത്ത് ഒരു പിടിയാന സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചെരിഞ്ഞ സംഭവം അഖിലേന്ത്യാ തലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മെയ് മാസത്തില്‍ നടന്ന സംഭവമായിട്ടും കഴിഞ്ഞ ദിവസം എന്‍ഡിടിവി തെറ്റായി റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നിരവധി പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. സംഭവം നടന്ന് മലപ്പുറത്തായിരുന്നെന്നും ആനയ്ക്ക് മനപ്പുര്‍വ്വം സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ നല്‍കുകയായിരുന്നുവെന്നുമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. മലപ്പുറം ക്രൂരത ഏറെയുള്ള സ്ഥലമാണെന്നും മൂന്ന് ദിവസം കൂടുമ്പോള്‍ ഒരാന വീതം കൊല്ലപ്പെടാറുണ്ടെന്നും മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേകാ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രശ്‌നത്തില്‍ ഇടപെട്ട മനേകാ ഗാന്ധിയടക്കമുളളവര്‍ ആന ചെരിഞ്ഞ വിഷയത്തെ മുസ്‌ലിം പ്രശ്‌നമായി അവതരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ പ്രശ്‌നം സോഷ്യല്‍മീഡിയയില്‍ ഹിറ്റായതോടെ തങ്ങള്‍ മലപ്പുറമെന്ന് തെറ്റായാണ് റിപോര്‍ട്ട് ചെയ്തതെന്ന വിശദീകരണവുമായി എന്‍ഡിവി റിപോര്‍ട്ടര്‍ തന്നെ രംഗത്തുവന്നു. തെറ്റായ മാധ്യമറിപോര്‍ട്ടിനെതരേ കുടത്ത പ്രതിഷേധമാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  

Tags:    

Similar News