'പോലിസുകാരന്‍ നാലുതവണ ബലാല്‍സംഗം ചെയ്തു'; കൈയ്യില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി ഡോക്ടര്‍ ജീവനൊടുക്കി

Update: 2025-10-24 10:44 GMT

മുംബൈ: മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ മെഡിക്കല്‍ ഓഫിസറായി പ്രവര്‍ത്തിച്ചിരുന്ന വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. പോലിസ് ഉദ്യോഗസ്ഥനായ ഗോപാല്‍ ബദ്‌നെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് സ്വന്തം കൈയ്യില്‍ എഴുതിയാണ് ഡോക്ടര്‍ മരിച്ചത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ നാലുതവണ ബലാല്‍സംഗത്തിനും മാനസിക-ശാരീരിക പീഡനത്തിനും ഇരയായതായി കൈയ്യിലെ കുറിപ്പ് പറയുന്നു. '' എന്റെ മരണത്തിന് കാരണം എസ്‌ഐ ഗോപാല്‍ ബദ്‌നെയാണ്. അയാള്‍ എന്നെ നാലുതവണ ബലാല്‍സംഗം ചെയ്തു. അഞ്ചുമാസമായി അവന്റെ പീഡനം സഹിക്കുകയാണ്''- ഇതാണ് ഡോക്ടറുടെ കൈപ്പത്തിയിലെ വാക്കുകള്‍.

നാലു മാസങ്ങള്‍ക്ക് മുമ്പ് ഡോക്ടര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും ഡിഎസ്പിക്കും പരാതി നല്‍കിയിരുന്നു. ബദ്‌നെ അടക്കം മൂന്നു പേര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. എന്നാല്‍, ഇതില്‍ നടപടികളൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് ആത്മഹത്യ. സംഭവം വിവാദമായതോടെ ബദ്‌നെയെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ''രക്ഷകന്‍ വേട്ടക്കാരനാകുമ്പോള്‍ ജനങ്ങള്‍ക്ക് എങ്ങനെ നീതി ലഭിക്കും? ഈ പെണ്‍കുട്ടി നേരത്തെ പരാതി നല്‍കിയിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ല?''- കോണ്‍ഗ്രസ് നേതാവ് വിജയ് നാംദേവ്രാവു വടേത്തിവാര്‍ എക്‌സിലൂടെ ചോദിച്ചു. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ പോലിസില്‍ നിന്നും റിപോര്‍ട്ട് തേടി.

Tags: