കൊവിഡ് 19: ലോക്ക് ഡൗണിന്റെ മറവില്‍ രാജ്യത്താകമാനം പോലിസ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

അവശ്യവസ്തുക്കള്‍ വാങ്ങാനായി പുറത്തിറങ്ങുന്നവരെയും ആരോഗ്യപ്രവര്‍ത്തകരെയും ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ മേഖലയില്‍ ജോലി ചെയ്യുന്നവരെയും ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ എത്തിക്കുന്ന ഡെലിവറി ജീവനക്കാരെയും പരക്കെ തടയുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പരാതി.

Update: 2020-03-26 07:44 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിന്റെ മറവില്‍ പോലിസുകാര്‍ നിരപരാധികളെ വേട്ടയാടുന്നതായി പരാതികളുയരുന്നു. അവശ്യവസ്തുക്കള്‍ വാങ്ങാനായി പുറത്തിറങ്ങുന്നവരെയും ആരോഗ്യപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ മേഖലയില്‍ ജോലി ചെയ്യുന്നവരെയും ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ എത്തിക്കുന്ന ഡെലിവറി ജീവനക്കാരെയും പരക്കെ തടയുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പരാതി.

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലിസ് സാധാരണക്കാരെ മര്‍ദ്ദിക്കുന്നതായി നിരവധി പരാതികള്‍ തനിക്ക് ലഭിച്ചതായി ഡല്‍ഹി പോലിസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ തന്നെ ശരിവച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് പെരുമാറുന്നത് സൂക്ഷിക്കിച്ചായിരിക്കണമെന്ന് താന്‍ നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.

''പോലിസുകാര്‍ മോശമായി പെരുമാറുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പോലിസുകാര്‍ ഇങ്ങനെയല്ല പെരുമാറേണ്ടത്. അവര്‍ ജനങ്ങളെ സഹായിക്കണം. ജനങ്ങളെ മാത്രമല്ല, മൃഗങ്ങള്‍ക്കും തുണയാവണം'' അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരെ സഹായിക്കേണ്ടത് പോലിസിന്റെ ഉത്തരവാദിത്തമാണ്. പ്രായമായവരെയും അവരുടെ ദൈനംദിന പ്രശ്‌നങ്ങളെയും പോലിസുകാര്‍ പരിഗണിക്കണം''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ വില്പനക്കാരായ ബിഗ്ബാസ്‌കറ്റ്, ഫ്രഷ്‌മെനു, പോര്‍ട്ടിയ മെഡിക്കല്‍സ് എന്നിവരുടെ വിതരണക്കാരായവര്‍ക്ക് ഇത്തരം നിരവധി അനുഭവങ്ങള്‍ നേരിട്ടതായി അവര്‍ പരാതി നല്‍കിയിട്ടുണ്ട്.

മില്‍ക്ക് ബാസ്‌ക്കറ്റ് കമ്പനിയുടെ 15000 ലിറ്റര്‍ പാലും 10000 കിലോഗ്രാം പച്ചക്കറിയും കുഴിച്ചുമൂടാന്‍ പോലിസ് നിര്‍ദേശിച്ചു. നോയ്ഡയിലും ഹൈദരാബാദിലും മറ്റും സാധനങ്ങള്‍ വിതരണം ചെയ്യുന്നവരെ പോലിസ് കായികമായി നേരിട്ടു.

കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് പോവുകയായിരുന്ന വൃക്കരോഗിയായ യുവാവിനെ തലശ്ശേരി പോലിസ് മര്‍ദ്ദിച്ചിരുന്നു.


Tags:    

Similar News