ക്വാറി വിരുദ്ധ സമരത്തെ മുതലാളിമാര്‍ക്ക് വേണ്ടി തകര്‍ക്കാന്‍ ശ്രമിക്കുന്ന പോലിസിനെതിരേ മാള പ്രതികരണവേദി

Update: 2020-07-03 12:39 GMT

മാള: കുഞ്ഞാലി പാറയില്‍ ജനാധിപത്യ രീതിയില്‍ ക്വാറിവിരുദ്ധ സമരം നടത്തുന്ന നാട്ടുകാരെ ദ്രോഹിക്കുന്ന പോലിസ് നടപടിക്കെതിരേ മാള പ്രതികരണവേദി. ക്വാറി മുതലാളിമാരില്‍ നിന്ന് സൗജന്യം പറ്റിയാണ് പോലിസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നാണ് ആരോപണം. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതുങ്ങല്‍ കുഞ്ഞാലിപ്പാറയിലെ എടത്താടന്‍ ഗ്രാനൈറ്റ്‌സില്‍ നിന്ന് ടിപ്പറില്‍ ലോഡ് കൊണ്ടുപോകാനുള്ള ശ്രമം കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇത് തകര്‍ക്കാന്‍ നൂറില്‍ അധികം വരുന്ന പോലീസ് സന്നാഹമാണ് ക്വാറി മുതലാളിക്ക് സഹായവുമായി എത്തിയത്.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ പദ്ധതി രേഖയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യത ഉള്ള പ്രദേശം ആയി കുഞ്ഞാലിപ്പാറ പ്രദേശം ഉള്‍പെടുത്തിയിട്ടും ഖനനം നിരോധിക്കാത്തത് അവിടെയുള്ള ജീവിതങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മാള പ്രതികരണവേദി പ്രസിഡന്റ് സലാം ചൊവ്വര പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രതിഷേധ യോഗത്തില്‍ പ്രസിഡന്റ് സലാം ചൊവ്വര അദ്ധ്യക്ഷത വഹിച്ചു. ഹര്‍ഷാദ് കടവില്‍, ഇ ഡി വര്‍ഗ്ഗീസ്, ഇ ബി നിഷാദ്, റോയ് എടശേരി, വി എസ് നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Similar News