കേരളത്തിലെ പോലിസ് സ്‌റ്റേഷനുകള്‍ കൊലപാതക കേന്ദ്രങ്ങളാവുന്നു: ആര്‍എംപി

Update: 2022-07-22 06:55 GMT

വടകര: കേരളത്തില്‍ കൊലപാതക കേന്ദ്രങ്ങളായി പോലിസ് സ്‌റ്റേഷനുകള്‍ മാറിയെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു. വടകരയില്‍ പോലിസ് മര്‍ദ്ദനത്തിലാണ് യുവാവ് മരിച്ചതെന്ന ഒപ്പമുണ്ടായിരുന്നവരുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ഇതെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. കുത്തഴിഞ്ഞ ഒരു ആഭ്യന്തര വകുപ്പും പോലിസ് സേനയുമാണ് കേരളത്തിലുള്ളത്. പോലിസ് ഉദ്യോഗസ്ഥരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തയാവാത്ത ഒരുദിവസം പോലുമില്ല എന്നതാണ് അവസ്ഥ.

നിരന്തരം ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടും കേരളത്തിലെ ആഭ്യന്തര വകുപ്പ് ഇതിനെതിരേ ചെറുവിരല്‍ പോലും അനക്കുന്നില്ല. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലാണ് കേരളത്തിലെ ആഭ്യന്തര വകുപ്പും പോലിസും നിലനില്‍ക്കുന്നതെന്നും വേണു പറഞ്ഞു. വടകരയിലെ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം.

കൊലചെയ്യപ്പെട്ട സജീവന്റെ കുടുംബത്തിന് നീതി ഉറപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇത്തരം എല്ലാ കേസുകളിലും കാണുന്നതുപോലെ അന്വേഷണ പ്രഹസനം നടത്തി കുറ്റവാളികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ വലിയ പ്രക്ഷോഭ പരിപാടികളുമായി ആര്‍എംപിഐ രംഗത്തിറങ്ങുമെന്നും എന്‍ വേണു പറത്തു.

Tags: