ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പോലീസ്

പാരിപ്പള്ളി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Update: 2021-01-19 03:53 GMT

കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി പോലീസ്. സംശയിക്കപ്പെടുന്ന പ്രദേശവാസികളായ എട്ട് പേരുടെ ഡിഎന്‍എ പരിശോധന ഉടന്‍ നടത്തും. മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.


ഈമാസം അഞ്ചിനാണ് കൊല്ലം കല്ലുവാതുക്കലില്‍ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തില്‍ നിന്ന് രണ്ടുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ ആയിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. രാത്രി മുഴുവന്‍ തണുപ്പേറ്റ് കഴിഞ്ഞ കുഞ്ഞ് പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ മരിച്ചു.


പാരിപ്പള്ളി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവ ദിവസം പ്രദേശത്തെ മൊബൈല്‍ ടവര്‍ പരിധിയിലെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രദേശത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.




Tags:    

Similar News