തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്‌തെന്ന പരാതിയില്‍ കേസെടുത്ത് പോലിസ്
തൃശൂര്‍: തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റ് നല്‍കുന്നവെന്ന പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പോലിസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇയാള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. ഒളരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം കിറ്റ് വിതരണം ചെയ്തതാണെന്നാണ് എല്‍ഡിഎഫിന്റെ പരാതി. വിഷു കിറ്റ് വിതരണം ചെയ്തത് ബിജെപി സ്ഥാനാര്‍ഥി പത്മജാ വേണുഗോപാലിന് വേണ്ടിയെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.
തൃശൂര്‍ ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അമ്പതോളം പേര്‍ കിറ്റ് വാങ്ങിയെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. 900 രൂപയുടെ 48 കിറ്റുകള്‍ വിതരണം ചെയ്‌തെന്നാണ് പരാതി. ഇന്നലെ കിറ്റ് വിതരണം ചെയ്ത സൂപ്പര്‍ മാര്‍ക്കറ്റ് മുന്‍മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തോടെ അടപ്പിച്ചിരുന്നു. രാധാകൃഷ്ണന്‍ എന്നയാള്‍ പറഞ്ഞിട്ട് വിഷുവിനായി തയ്യാറാക്കിയ കിറ്റ് എന്നാണ് കടയുടമ പറയുന്നത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകിലാണ് കിറ്റുകള്‍ തയ്യാറാക്കി വച്ചിരിക്കുന്നത്. 75 കിറ്റുകള്‍ തയ്യാറാക്കിവച്ചതില്‍ 50 എണ്ണം കൊണ്ടുപോയെന്നും കടയുടമ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് പോലിസെത്തി ഇന്നലെ സീല്‍ ചെയ്തിരുന്നു.
