രണ്ടു വര്‍ഷമായി ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി

Update: 2026-01-30 09:04 GMT

ചെന്നൈ: തഞ്ചാവൂരില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പോലിസ് തിരയുന്ന 45കാരനെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി. തഞ്ചാവൂര്‍ സ്വദേശിയായ ഇബ്രാഹിം പക്കിര്‍ മുഹമ്മദ് ആണ് ഷാര്‍ജയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.

ചൊവ്വാഴ്ച രാത്രി ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ പ്രതിയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍, 2024 മുതല്‍ ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നിലവിലുണ്ടെന്ന് ഇമിഗ്രേഷന്‍ വിഭാഗം കണ്ടെത്തി. ഇതോടെ വിദേശയാത്ര അനുവദിക്കാതെയാണ് ഇയാളെ തടഞ്ഞുവെച്ചത്. പോക്‌സോ കേസില്‍ പ്രതിയായതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നുവെന്നും, പ്രതിയെ കണ്ടെത്തുന്നതിനായി തഞ്ചാവൂര്‍ ജില്ലാ പോലിസ് സൂപ്രണ്ട് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്ക് ഔട്ട് നോട്ടിസ് നല്‍കിയിരുന്നതായും പോലിസ് അറിയിച്ചു.

ഇമിഗ്രേഷന്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച്ച രാത്രി തഞ്ചാവൂരില്‍ നിന്നുള്ള പ്രത്യേക പോലിസ് സംഘം ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇയാളെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.

Tags: