പിഎംശ്രീ പദ്ധതി; മുന്നണി യോഗം വിളിക്കാനൊരുങ്ങി സിപിഎം

Update: 2025-10-27 07:08 GMT

തിരുവനന്തപുരം: പിഎംശ്രീ വിഷയത്തില്‍ മുന്നണി യോഗം വിളിക്കാനൊരുങ്ങി സിപിഎം. സിപിഐ വിഷയത്തില്‍ നിലപാട് കടുപ്പിച്ചതോടെയാണ് ഈ നീക്കമെന്നാണ് സൂചനകള്‍. അതേ സമയം പിഎംശ്രീ പദ്ധതിയില്‍ മുന്നോട്ടുപോകാന്‍ തന്നെയാണ് സിപിഎം തീരുമാനം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് കരാറില്‍ നിന്നും പിന്നോട്ടുപോവുക പ്രയാസമാണെന്ന് അറിയിച്ചു. പദ്ധതിയില്‍ ഒപ്പിട്ടതിനാല്‍ കരാറുമായി മുന്നോട്ടുപോകുമെന്നും ഫണ്ട് പ്രധാനമാണെന്നും സിപിഐയെ അറിയിച്ചെന്നാണ് വിവരം.

എന്നാല്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ആശയപരമായും രാഷ്ട്രീയപരമായും ശരിയായ തീരുമാനം എടുക്കുമെന്നാണ് ബിനോയ് വിശ്വം മാധ്യമങ്ങളെ അറിയിച്ചത്. ഇതിനോടകം തന്നെ വിഷയത്തില്‍ മുഖ്യമന്ത്രിയെ എതിര്‍പ്പ് അറിയിച്ചെന്നാണ് സൂചന. അതുകൊണ്ട് തന്നെ സിപിഎം നടത്തുന്ന സമവായ ശ്രമം വിജയിക്കുമോ എന്ന് കണ്ടുതന്നെ അറിയേണ്ടി വരും.

എല്‍ഡിഎഫിന് ആശയ അടിത്തറയുണ്ടെന്നും ചര്‍ച്ചകളുണ്ടാകുമെന്നും മറ്റൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിസഭായോഗത്തില്‍ നിന്നും മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍.

Tags: